ലഹരി ഗുളികകളുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍
കോഴിക്കോട്: 2,640 ട്രമഡോള്‍ ലഹരി ഗുളികകളുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍. ഗോവിന്ദപുരം പിലാക്കാട്ട് സ്വദേശി വിഷ്ണു പ്രസാദി (28)നെയാണ് നടക്കാവ് പൊലിസും കോഴിക്കോട് ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ലഹരി ഗുളികകളുമായി കഴിഞ്ഞദിവസം വിഷ്ണു പ്രസാദിനെ പിടികൂടുന്നത്.
യുവാക്കള്‍ക്കിടയില്‍ എസ്.പി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സ്പാസ്‌മോ പ്രോക്‌സിവന്‍ പ്ലസ് ക്യാപ്‌സ്യൂളുകള്‍ കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ഥികളും ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതീ യുവാക്കളുമാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്.
ഒരുദിവസം 24 ക്യാപ്‌സ്യൂള്‍ വരെ ഉപയോഗിക്കുന്ന നിരവധി യുവാക്കള്‍ നഗരത്തിലുള്ളതായി പൊലിസ് പറഞ്ഞു. മുന്‍പ് നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഇല്ലാതിരുന്ന ട്രമഡോള്‍ കഴിഞ്ഞ ഏപ്രില്‍ 26നാണ് വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്നു മുതല്‍ കോഴിക്കോട് ട്രമഡോള്‍ അടങ്ങിയ ലഹരി ഗുളികകളുമായി അഞ്ചുപേര്‍ ഇതുവരെ പൊലിസിന്റെ പിടിയിലായിട്ടുണ്ട്.
നടക്കാവ് എസ്.ഐ എസ്. സജീവിന്റെ നേതൃത്വത്തില്‍ നടക്കാവ് പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ടി.കെ ബാബു, കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് നോര്‍ത്ത് അസി. കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ എ.എസ്.ഐ മുനീര്‍, സീനിയര്‍ സി.പി.ഒമാരായ എം. മുഹമ്മദ് ഷാഫി, കെ. രാജീവ്, എം. സജി, സി.പി.ഒ മാരായ കെ. അഖിലേഷ്, എ. നവീന്‍, കെ.എ ജോമോന്‍, പി. സോജി, കെ. രതീഷ്, രജിത്ത് ചന്ദ്രന്‍, എം. ജിനേഷ്, എ.വി സുമേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."