മാനന്തവാടിയില്‍ 5189 പേര് ക്യാംപുകളില്‍; 407 വീടുകള്‍ നശിച്ചു
മാനന്തവാടി: കനത്ത മഴ ശമിച്ച് വെള്ളം ഇറങ്ങിയതോടെ മാനന്താടി താലൂക്കിലെ 38 ദുരിതാശ്വാസ ക്യാംപുകളിലായി 5189 പേര് ഇപ്പോഴും കഴിയുന്നു. 1541 കുടുംബങ്ങളാണ് ഇവിടങ്ങളില്‍ കഴിയുന്നത്. 94 ക്യാംപുകളിലായി 4271 കുടുംബങ്ങളില്‍ നിന്നുള്ള 14568 പേരാണ് കനത്ത മഴയില്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളിലെത്തിയിരുന്നത്.
ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് തൃശ്ശിലേരി വില്ലേജിലാണ്. ഇവിടെ ആറ് ക്യാംപുകളാണ് ഉള്ളത്. ഒരു ക്യാമ്പ് മാത്രം ഉള്ള പൊരുന്ന ന്നൂര്‍ വില്ലേജിലാണ് ഏറ്റവും കുറവ്. വ്യാഴാഴ്ച വരെ താലൂക്കില്‍ 407 വീടുകളാണ് പൂര്‍ണമായും നശിച്ചത്. 2937 വീടുകള്‍ ഭാഗികമായും നശിച്ചു. വീടുകള്‍ പൂര്‍ണമായി നശിച്ചവരും വീട് വൃത്തിയാക്കി കഴിയാത്തവരുമാണ് ഇപ്പോഴും ക്യാംപില്‍ കഴിയുന്നവില് ഭൂരിഭാഗവും. ഇവരുടെ പുനരധിവാസം വൈകിയാല്‍ ക്യാംപുകള്‍ ഇനിയും നീളും.
മിക്ക ക്യാംപുകളും സ്കൂളുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഓണാവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതോടെ ക്യാംപുകളില്‍ കഴിയുന്നവരുടെ വാസം പ്രതിസന്ധിയിലാകും. ക്യാംപുകള്‍ക്കായി പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. അതിനിടെ മഴ ശമിച്ചെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ റോഡുകള്‍ ഇടിയുന്ന സ്ഥിതിയാണ്.
ചൂട്ടക്കടവ് താഴെയങ്ങാടി, ചമാടി പൊയില്‍ പായോട്, അഗ്രഹാരം കാക്കഞ്ചേരി, ചെറുപുഴ മക്കിക്കൊല്ലി റോഡുകളെല്ലാം ഇടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."