HOME
DETAILS

ചന്ദ്രേട്ടന്‍ ഇവിടെയാ...

  
backup
July 20 2016 | 15:07 PM

moon

ചന്ദ്രന്‍- ചിലചോദ്യങ്ങള്‍


  സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ സ്വയം ഭ്രമണം പൂര്‍ത്തിയാക്കാന്‍ ചന്ദ്രന് എത്ര സമയം വേണം  
27.32 ഭൗമദിനം (27 ദിവസം 7 മണിക്കൂര്‍ 43 മിനുട്ട് 11.5 സെക്കന്റ്)
ചന്ദ്രന്റെ മധ്യാരേഖാ പ്രദേശത്തെ വ്യാസം എത്രയാണ്
3475 കിലോമീറ്റര്‍
 ചന്ദ്രനിലേക്ക് ഭൂമിയില്‍നിന്നുള്ള ദൂരം
3,84,400 കി.മീ
 
 ചന്ദ്രന്റെ ലാറ്റിന്‍ നാമം
ലൂണ
 മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത്  ഏതു വാഹനത്തിലാണ്
അപ്പോളോ 11
 മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ ദിനം?
1969 ജൂലായ് 21 ന് (ഇന്ത്യയില്‍)
ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട ഒരു പദമാണ് ഈഗിള്‍. എന്താണിത് ?
അപ്പോളോയിലെ പേടകം

ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍  നീല്‍ ആംസ്‌ട്രോങിന്റെ സഹയാത്രികന്‍ ആരായിരുന്നു?
എഡ്വിന്‍ ആല്‍ഡ്രിന്‍
 ചന്ദ്രനില്‍ സഞ്ചാരികള്‍ വാഹനമോടിക്കാറുണ്ട് (ലൂണാര്‍ റോവര്‍). ആദ്യമായി വാഹനമോടിച്ചത് ആരാണ് ?
ജയിംസ് ഇര്‍വിന്‍
  ചന്ദ്രനിലെ ഏറ്റവും വലിയ പര്‍വത നിര?
മൊണ്ടെസ് റൂക്ക്
നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോള്‍ മൂന്നാമന്‍ ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ആരാണീ മൂന്നാമന്‍ ?
മൈക്കിള്‍ കോളിന്‍സ്
 ചാന്ദ്ര ദൗത്യത്തിനായുള്ള റഷ്യന്‍ വാഹനമാണ് ലൂണ. എന്നാല്‍ ലൂണാര്‍ ഓര്‍ബിറ്റല്‍ ഏതു രാജ്യത്തിന്റെ ചാന്ദ്രദൗത്യ വാഹന പരമ്പരയാണ്.?
അമേരിക്ക
അമേരിക്കയും സോവിയറ്റ് യൂണിയനും കഴിഞ്ഞാല്‍ ഒരു  നിരീക്ഷണവാഹനത്തെ ചന്ദ്രനിലെത്തിച്ച രാജ്യം ?
ജപ്പാന്‍
 മനുഷ്യനെ ചന്ദ്രനിലയയ്ക്കുമെന്ന് പ്രതിജ്ഞ ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ?
ജോണ്‍ എഫ് കെന്നഡി
 ആദ്യമായി മനുഷ്യന്‍  ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ?
റിച്ചാര്‍ഡ് നിക്‌സണ്‍
 
 ഫസ്റ്റ് മാന്‍ ഓണ്‍ ദ മൂണ്‍  നീല്‍ ആംസ്‌ട്രോങ്ങാണ് എന്നാല്‍  ആരാണ് ലാസ്റ്റ് മാന്‍ ഓണ്‍ ദ മൂണ്‍ ?
യുജിന്‍ സര്‍ണാന്‍
 ഏത് ഇന്ത്യന്‍ പ്രസിഡന്റിന്റെ സന്ദേശമാണ് ചന്ദ്രനില്‍ ആദ്യമായി സ്ഥാപിച്ചത് ?
വി.വി.ഗിരി
 അപ്പോളോ 11  എപ്പോഴാണ് ദൗത്യത്തിനു ശേഷം ഭൂമിയില്‍ തിരിച്ചെത്തിയത് ?
1969 ജൂലൈ 24 ന്

റിഗോലിത്ത്, മാരിയ, ടെറോ
 
സാന്ദ്രത കുറഞ്ഞ മണ്ണാണ് ചന്ദ്രനിലേത് .ചന്ദ്രോപരിതലത്തിലെ ചരലും മണ്ണും കലര്‍ന്ന പാളി അറിയപ്പെടുന്നത് റിഗോലിത്ത് എന്നാണ്. ചന്ദ്രനിലെ ഇരുണ്ട പ്രദേശമാണ് മാരിയ. ചന്ദ്രനിലെ ഗര്‍ത്തങ്ങളുള്ള ഉയര്‍ന്ന പ്രദേശമാണ് ടെറോ.
അല്‍ബിഡോ
ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ തിളങ്ങുന്ന ചന്ദ്രനെയാണല്ലോ കൂട്ടുകാര്‍ കാണുന്നത്. ഇതിന് കാരണം സൂര്യപ്രകാശം ചന്ദ്രോപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്നതാണ്. ഇതിനു കാരണം അല്‍ബിഡോ എന്ന പ്രതിഭാസം ആണ്. ചന്ദ്രനില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ഏഴു ശതമാനം പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്ക്. ഭൂമിയുടെ അല്‍ബിഡോ 35 ശതമാനമാണ്. ചന്ദ്രനില്‍നിന്നു നോക്കുമ്പോള്‍ ഭൂമി നന്നായി പ്രകാശിക്കുന്നൊരു ഗോളമാണ്.


അപ്പോളോ ദൗത്യത്തിലൂടെ
ചന്ദ്രനില്‍ കാലുകുത്തിയ
12യാത്രികര്‍


നീല്‍ ആംസ്‌ട്രോങ്
എഡ്വിന്‍ ആള്‍ഡ്രിന്‍
ചാള്‍സ് കോണ്‍റാഡ്
അലന്‍ ബീന്‍
അലന്‍ ഷെപ്പാര്‍ഡ്
എഡ്ഗാര്‍ മിച്ചല്‍
ഡേവിഡ് സ്‌കോട്ട്
ജെയിംസ് ഇര്‍വിന്‍
ജോണ്‍ ഡബ്ലു .യങ്
ചാള്‍സ്  എം ഡ്യൂക്ക്
ഹാരിസണ്‍ സ്മിത്
യൂജിന്‍ സെര്‍ണാന്‍

ചന്ദ്രയാന്‍


ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന്റെ പേരാണ് ചന്ദ്രയാന്‍. 2008 ഒക്ടോബര്‍ 22 ന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് ഈ ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം നടന്നത്. 2008 നവംബര്‍ 8 ന് ചന്ദ്രയാന്‍ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും നവംബര്‍ 14 ന് മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രനില്‍ പതിക്കുകയും ചെയ്തു.
2009 ഓഗസ്റ്റ് 28 നാണ് ചന്ദ്രയാനില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതെയായത്. ഇതിനെത്തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ ചന്ദ്രയാന്‍ 1 ദൗത്യം അവസാനിച്ചതായി  പ്രഖ്യാപിച്ചു. 312 ദിവസമാണ് ചന്ദ്രയാന്‍ ചന്ദ്രനെ പ്രദക്ഷിണംവച്ചത്. 386 കോടി രൂപയുടെ ചെലവാണ് ഈ ദൗത്യത്തിനുണ്ടായത്.


അമാവാസിയും
പൗര്‍ണമിയും


സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരപഥത്തില്‍ ചന്ദ്രന്‍ സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോള്‍, ചന്ദ്രന്റെ സൂര്യപ്രകാശമുള്ള വശം ഭൂമിയുടെ എതിര്‍വശത്തായിരിക്കുമ്പോള്‍, ചന്ദ്രന്‍ ഭൂമിയില്‍നിന്ന് ദൃശ്യമായിരിക്കില്ല. ഇതാണ് അമാവാസി.
ചന്ദ്രന്‍ സൂര്യനില്‍നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോള്‍, ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് ചന്ദ്രന്റെ പ്രകാശിക്കുന്ന വശം ഏറ്റവും നന്നായി കാണാന്‍ സാധിക്കുന്നത്. ഈ അവസ്ഥയാണ് പൗര്‍ണമി.


ചന്ദ്രമാസം


ഒരു അമാവാസിയില്‍നിന്ന് തൊട്ടടുത്ത അമാവസി വരെയുള്ള കാലായളവിനെയാണ് ചന്ദ്രമാസം എന്നു പറയുന്നത്. ഇത് 29 ദിവസം 12 മണിക്കൂര്‍ 44 മിനുട്ട് 2.8 സെക്കന്റ് എന്ന് കണക്കാക്കിയിട്ടുണ്ട്.


പ്രശാന്തിയുടെ സമുദ്രം
(സീ ഓഫ് ട്രാന്‍കോളി)


നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയ കാര്യം കൂട്ടുകാര്‍ക്കറിയാമല്ലോ? ചന്ദ്രനിലെ പ്രശാന്തിയുടെ സമുദ്രം എന്ന ഭാഗത്താണ് ആംസ്‌ട്രോങും സഹയാത്രികരും കാലുകുത്തിയത്.


തൊട്ടു, തൊട്ടില്ല


ചന്ദ്രനിലിറങ്ങാന്‍ ഭാഗ്യം ലഭിച്ച നിരവധി മനുഷ്യരുണ്ട്. എന്നാല്‍ചന്ദ്രനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തിരിച്ച് വന്നവരുമുണ്ട്. അപ്പോളോ 8 ,10,13 തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഈ ദൗര്‍ഭാഗ്യമുണ്ടായത്.


സെലനോഗ്രാഫി
മനുഷ്യന്‍ കീഴടക്കിയ ആദ്യത്തെ ആകാശഗോളം ചന്ദ്രനാണ്. ചന്ദ്രനെക്കുറിച്ചുള്ള പഠനമാണ് സെലനോഗ്രാഫി.


ചാന്ദ്രചലനങ്ങള്‍


ഉല്‍ക്കാപതനം കൊണ്ട് ചന്ദ്രനിലുണ്ടാകുന്ന ചലനങ്ങളാണ് ചാന്ദ്രചലനങ്ങള്‍ അഥവാ മൂണ്‍ ക്വാക്ക്. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ ഇങ്ങനെ നിര്‍ബാധം നടക്കുന്ന ഉല്‍ക്കാപതനത്താല്‍ ചന്ദ്രോപരിതലം ഗര്‍ത്തങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.


'മന്നവേന്ദ്രാ വിളങ്ങുന്നു
നിന്‍ മുഖം..'
രാജാവിനോട് ചന്ദ്രനെ പോലെ തിളങ്ങുന്നു നിന്‍ മുഖമെന്ന് പഴയകാലത്ത കവി പാടിയിരിക്കാം. എന്നാല്‍ ശാസ്ത്രം പറയുന്നത് ചന്ദ്രനില്‍ നിറയെ ഗര്‍ത്തങ്ങളാണെന്നാണ്. ഈ ഗര്‍ത്തങ്ങള്‍ക്ക് മഹാത്മാക്കളുടെ പേരുകള്‍ നല്‍കി ഗവേഷകര്‍ ആദരിക്കാറുണ്ട്. ഈ രീതിക്കു തുടക്കം കുറിച്ചത് ഇറ്റാലിയന്‍ വാന ശാസ്ത്രജ്ഞനായ ജിയോ വന്നി ബി.റിക്കിയോളിയാണ്.

ചന്ദ്രന്റെ
ഇരുവശങ്ങള്‍


ഭൂമിയില്‍നിന്നു ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകാറുള്ളൂ. 1959 ല്‍ സോവിയറ്റ് വാഹനമായ ലൂണ 3 ആണ് ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രം ആദ്യം പകര്‍ത്തിയത്.


ചന്ദ്രന്റെ വലുപ്പം


ചന്ദ്രന്റെ വലിപ്പം ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ വരൂ. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹമാണ് ചന്ദ്രന്‍.


വേലിയേറ്റങ്ങളുടെ റഫറി


ഭൂമിയിലെ സമുദ്രങ്ങളിലെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാന്‍ ചന്ദ്രന് കഴിവുണ്ട്.


അന്തരീക്ഷമില്ല,മര്‍ദ്ദവും


ചന്ദ്രനില്‍ അന്തരീക്ഷമില്ല. അന്തരീക്ഷ മര്‍ദ്ദം വളരെ കുറവാണ്. ഇതിനാല്‍തന്നെ ചന്ദ്രോപരിതലത്തിലെ താപനിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാറുണ്ട്. കൊടും ശൈത്യവും കൊടും ചൂടും ചന്ദ്രനില്‍ പതിവാണ്. ഗുരുത്വാകര്‍ഷണം കുറഞ്ഞതിനാലാണ്  ചന്ദ്രനില്‍ അന്തരീക്ഷം കുറഞ്ഞത്. വായു മണ്ഡലമില്ലാത്തതിനാല്‍ ചന്ദ്രനിലെ ആകാശം എപ്പോഴും ഇരുണ്ടാണ് നില്‍ക്കുന്നത്.
ഇവിടുത്തെ അന്തരീക്ഷ വാതകം പത്തു ടണ്ണില്‍ താഴെ മാത്രമേ വരൂ. ചന്ദ്രനില്‍ പകല്‍ സമയത്ത് താപനില ശരാശരി 107 ഡിഗ്രി സെല്‍ഷ്യസും രാത്രി  മൈനസ് 157 ഡിഗ്രി സെല്‍ഷ്യസുമാണ്.
 
ചന്ദ്രന്റെ ഉത്ഭം


ചന്ദ്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങള്‍  പ്രസ്താവിക്കുന്നുണ്ട്. ഫിഷന്‍,അക്രീഷന്‍,ട്രാപ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. വേലിയേറ്റ പ്രഭാവ സ്വാധീനത്താല്‍ ഭൂമിയുടെ ബാഹ്യാവരണം അടര്‍ന്നു മാറിയുണ്ടായതാണ് ചന്ദ്രന്‍ എന്നാണ് ഫിഷന്‍  സിദ്ധാന്തം പറയുന്നത്. അടിഞ്ഞു ചേരലിലൂടെ അടുത്തടുത്തായി ഉണ്ടായതാണ്
ചന്ദ്രന്‍ എന്ന് അക്രീഷന്‍ സിദ്ധാന്തവും സൗരയൂഥത്തിലെ ഒരു ഗ്രഹമായി പിറവി കൊണ്ട ചന്ദ്രനെ ഭൂമി  ആകര്‍ഷണ ബലം കൊണ്ട് പിടിച്ചെടുത്തതാണെന്ന് ട്രാപ് സിദ്ധാന്തവും പ്രസ്താവിക്കുന്നു.


ചന്ദ്രനേയും വിറ്റ്
കാശാക്കിയവന്‍


ചന്ദ്രനില്‍ സ്ഥലം വില്‍ക്കുന്നെന്ന് കേട്ടാല്‍ കൂട്ടുകാരില്‍ പലരും നെറ്റി ചുളിക്കും. എന്നാല്‍ അത്തരമൊരു സ്ഥലക്കച്ചവടം അമേരിക്കയില്‍ നടന്നിട്ടുണ്ട്. ഒരേക്കര്‍ സ്ഥലത്തിന് 15.99 ഡോളര്‍ നിശ്ചയിച്ച് ചന്ദ്രനിലെ സ്ഥലം വില്‍പ്പന നടത്തിയ ആളാണ് അമേരിക്കക്കാരനായ ഡെന്നിസ് ഹോപ്‌സ്. സംഗതി ഒന്നാന്തരം തട്ടിപ്പാണു കേട്ടോ. ഈ കാര്യം പറഞ്ഞ്  ലൂണാര്‍ എംബസി എന്ന അദ്ദേഹത്തിന്റെ കമ്പനി പരസ്യം നല്‍കുകയും ചെയ്തു.
ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ മേല്‍ പറഞ്ഞ തുക മാത്രമല്ല ലൂണാര്‍ ടാക്‌സ് (ചന്ദ്ര നികുതി), ഷിപ്പിംഗ് ചാര്‍ജ് എന്നിങ്ങനെ 11.16 ഡോളര്‍ കൂടി അധികം വേണ്ടി വരുമെന്ന് തട്ടി വിടുകയും ചെയ്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ബുഷ് എന്നിവരൊക്കെ ചന്ദ്രനില്‍സ്ഥലം വാങ്ങാന്‍ തയാറാകുകയും ചെയ്തു. പിന്നീട് സ്ഥലക്കൈമാറ്റത്തിന്റെ യാഥാര്‍ഥ്യം അന്വേഷിച്ചപ്പോഴാണ് 90 ലക്ഷം ഡോളര്‍ കൈക്കലാക്കിയ തട്ടിപ്പ് മനസിലായത്.
കൂട്ടുകാരില്‍ പലരും ചിന്തിക്കുക പൊതുജനങ്ങള്‍ എങ്ങനെയാണ് ഈ കാര്യം വിശ്വസിച്ചത് എന്നായിരിക്കും. അതിനൊരു കാരണമുണ്ട്. 1967 ല്‍ യു.എന്‍ കൊണ്ടു വന്ന ബഹിരാകാശ നിയമ പ്രകാരം ഒരു രാജ്യത്തിനും ഭൂമിക്ക് പുറത്ത് ഭൂമി വാങ്ങാനാവില്ല. എന്നാല്‍ വ്യക്തികള്‍ക്ക് ഈ നിയമം ബാധകമല്ല. നിയമത്തിന് ഈ പഴുത് പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കാനായാണ് ഡെന്നിസ് ഹോപ്‌സ് ചന്ദ്രന്റെ ഉടമസ്ഥാവകാശത്തിനായി യു.എന്‍.ഫെഡറല്‍  ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് യു.എസ്, റഷ്യന്‍  ഗവണ്‍മെന്റുകള്‍ക്ക് നോട്ടീസയച്ചത്. ഈ സംഭവം വന്‍ വിവാദങ്ങള്‍ക്കു വഴി തെളിയിച്ചു.
അങ്ങനെ 1979 ല്‍ യു.എന്‍ നിയമം മാറ്റിയെഴുതാന്‍ കാരണമായി. ഇതനുസരിച്ച്  സമാധാനപരമായ കാര്യങ്ങള്‍ക്കുമാത്രമേ ബഹിരാകാശം ഉപയോഗിക്കാവൂ എന്നും ചന്ദ്രനില്‍ ഗവണ്‍മെന്റിനോ വ്യക്തികള്‍ക്കോ സ്ഥലം സമ്പാദിക്കാന്‍ അവകാശമില്ലെന്നും  ഐക്യരാഷ്ട്ര സഭ വ്യവസ്ഥയുണ്ടാക്കി.


ഭാരം കുറയ്ക്കണോ
ചന്ദ്രനില്‍ പോകാം!


അമിത ഭാരത്താല്‍  വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ ചന്ദ്രനില്‍ പോയാല്‍ ഭാരം ആറിലൊന്നായി കുറയും. ഭൂമിയുടെ ആകര്‍ഷണ ബലത്തിന്റെ ആറിലൊന്ന് മാത്രമാണ് ചന്ദ്രനുള്ളത്. അതായത് ഭൂമിയില്‍ മുപ്പതുകിലോ ഭാരമുള്ളയാള്‍ ചന്ദ്രനിലെത്തിയാല്‍ ഭാരം വെറും അഞ്ചു കിലോ മാത്രമായിരിക്കും.


സത്യമോ
കെട്ടുകഥയോ?
 
മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത് കെട്ടുകഥയെന്ന് വാദിക്കുന്ന  പുസ്തകങ്ങളും ഡോക്യുമെന്ററികളും ലോകത്തുണ്ട്. റഷ്യയെ പരാജയപ്പെടുത്താന്‍ അമേരിക്ക നെയ്ത കള്ളക്കഥയാണത്രേ ആദ്യത്തെ ചന്ദ്രയാത്ര. നെവാഡാ മരുപ്രദേശത്ത് ഒരുക്കിയ ഒരു സ്റ്റുഡിയോയില്‍നിന്നു ചിത്രീകരിച്ചതാണത്രേ അമേരിക്ക പുറത്ത് വിട്ട ദൃശ്യങ്ങള്‍.


ഒരു അക്ഷരവും
ഒരുപാട് പുകിലും


നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
 'One small step for  man, one giant leap for mankind'
(മനുഷ്യന് ഒരു ചെറിയ കാല്‍ വയ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചു ചാട്ടം)
എന്നാല്‍ യഥാര്‍ഥത്തില്‍ പറയേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു.
'One small step for a  man, one giant leap for mank-ind'
ഇതില്‍ എ എന്ന അക്ഷരം വിട്ടു പോയത് ആ കാലത്ത് ഒരു പാട് പുകിലുകള്‍ ഉണ്ടാക്കി. മനുഷ്യരാശിയെ ആകെ കുറിക്കുന്ന വാക്കുകളാണല്ലോ man,mankind എന്നിവ. എന്നാല്‍ താന്‍ കൃത്യമായും  എ എന്ന അക്ഷരം  ഉച്ചരിച്ചുവെന്നും ഭൂമിയിലെത്തിയപ്പോള്‍ ആ അക്ഷരം കേള്‍ക്കാതെയായി എന്നുമാണ് പിന്നീട് ആംസ്‌ട്രോങ് പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  7 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  7 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  8 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago