നിര്‍മാണ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ജില്ലക്ക് ഭൂവിനിയോഗ രൂപരേഖ
കല്‍പ്പറ്റ: ജില്ലയിലുണ്ടായ രൂക്ഷമായ പ്രളയത്തിന്റെയും വ്യാപകമായ ഉരുള്‍പ്പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ ഭാവിയിലെ നിര്‍മാണ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനായി ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
ഇതിനായി വിദഗ്ധ സമിതിക്ക് രൂപം നല്‍കും. വൈത്തിരിയില്‍ കെട്ടിടം താഴ്ന്ന സ്ഥലമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമിതിയുടെ പരിശോധന വേണ്ടിവരും. ഇതിനകം തന്നെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മണ്ണിന്റെ സ്വഭാവും സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. റോഡിനോടും വാസ സ്ഥലങ്ങളോടും ചേര്‍ന്ന അപകട സാധ്യതാ പ്രദേശങ്ങളില്‍ കനത്ത ജാഗ്രത ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഖനനത്തിന് നിലവിലുള്ള നിയന്ത്രണത്തില്‍ യാതൊരു അയവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രേഖകള്‍ നഷ്ടമായവര്‍ക്ക് സെപ്റ്റംബര്‍ 30നകം പകരം രേഖകള്‍ ലഭ്യമാക്കും. ഇതിനായി മൂന്നു മുതല്‍ 15 വരെ പഞ്ചായത്ത് തലത്തില്‍ പ്രത്യേക അദാലത്ത് നടത്തും. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ ജില്ലയെ പുനര്‍നിര്‍മിക്കാന്‍ ഹ്രസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വീട് നശിച്ചവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തും. 381 വീടുകള്‍ പൂര്‍ണമായും 1492 വീടുകള്‍ ഭാഗികമായും മഴക്കെടുതിയില്‍ നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. തകര്‍ന്ന റോഡുകളുടെ നാശനഷ്ടം പൊതുമരാമത്ത് വകുപ്പ് കണക്കാക്കി വരുന്നു. 40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ ഓണത്തിനും പെരുന്നാള്‍ ആഘോഷത്തിനും സ്വരുക്കൂട്ടിയതും ഭിന്നശേഷിക്കാരുടെ ക്ഷേമപെന്‍ഷനും വയോധികരുടെ ജീവിത സമ്പാദ്യവും ഉള്‍പ്പെടെയുള്ളതാണ് ഈ തുക. സന്നദ്ധ പ്രവര്‍ത്തകരുടേയും സായുധ സേനകളുടെയും യഥാസമയത്തുളള ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലത്തില്‍ അധികമായി 10,000 രൂപ നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ തയ്യാറാക്കിയ ംലളീൃംമ്യമിറ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. പുനരധിവാസ പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകരുടെ എണ്ണം 1338 ഉം സന്നദ്ധ സംഘടനകളുടെ എണ്ണം 29 ഉം ആയി. താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് സലൃമഹമൃരൗല.ശി, സേവനങ്ങളെക്കുറിച്ച് ംലളീൃംമ്യമിറ@ഴാമശഹ.രീാ എന്ന വിലാസത്തിലും വിവരം നല്‍കാം. ഫോണ്‍- 04936206265, 206267. സഹായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റും ഫോണ്‍-04936204151.എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."