'ക്യാംപുകളില്‍ കഴിയാത്തവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം'
പറവൂര്‍: വെള്ളപ്പൊക്ക കെടുതിയില്‍പ്പെട്ട് ക്യാംപുകളില്‍ അഭയം തേടിയവര്‍ക്കും അല്ലാത്തവര്‍ക്കും സര്‍ക്കാരിന്റെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ പറവൂര്‍ താലൂക്ക് ഓഫിസില്‍ വിളിച്ചുചേര്‍ത്ത പ്രളയ ദുരന്ത അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ മതിയാകാതെ വന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ ചന്തിരൂരും തൃശൂര്‍ ജില്ലയിലെ മതിലകത്തും വരെ പറവൂര്‍ നിവാസികള്‍ക്കായി ക്യാംപുകള്‍ നടത്തിയിട്ടുണ്ട്.
ആയിരക്കണക്കിനാളുകള്‍ ക്യാംപുകളില്‍ പോലും എത്താനാകാതെ വീടുകളില്‍ കുടുങ്ങി വെള്ളവും ഭക്ഷണവുമില്ലാതെ നരകയാതന അനുഭവിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ അവസരം ലഭിച്ച ആയിരങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടിയിട്ടുണ്ട്. ക്യാപുകളില്‍ കഴിയാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഭാഗങ്ങളില്‍ ചത്തുചീഞ്ഞു കിടക്കുന്ന കന്നുകാലികളെയും പട്ടികളെയും അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനാവശ്യമായ ജെ.സി.ബികളും ലോറികളും സര്‍ക്കാര്‍ ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന് എന്ന നിലയില്‍ ഇപ്പോള്‍ ക്യാംപുകളില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന അപേക്ഷാഫോമുകള്‍ വ്യാജനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വീടുകള്‍ വൃത്തിയാക്കി ആളുകള്‍ താമസം തുടങ്ങുമ്പോള്‍ ഭക്ഷ്യ വസ്തുക്കളും അത്യാവശ്യ വസ്ത്രങ്ങളും ഉറപ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വായ്പകള്‍ക്ക് മൊറൊട്ടോറിയം
പ്രഖ്യാപിക്കണമെന്ന്
പറവൂര്‍: വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ദേശസാല്‍കൃത ബാങ്കുകള്‍, മറ്റ് ബാങ്കുകള്‍, സഹകരണബാങ്കുകള്‍ എന്നിവയില്‍ നിന്നും നല്‍കിയിട്ടുള്ള വായ്പ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. വീടുകള്‍ വൃത്തിയാക്കി ജനങ്ങള്‍ താമസം തുടങ്ങുമ്പോള്‍ അവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും അത്യാവശ്യ വസ്ത്രങ്ങളും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആവശ്യങ്ങളും സജീവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."