വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കാന്‍ പ്രഗ്യാസിങ്ങിന് ബി.ജെ.പിയുടെ നിര്‍ദേശം
ഭോപ്പാല്‍: തുടര്‍ച്ചയായി പ്രകോപനപരവും വിവാദവുമായ പ്രസ്താവനകള്‍ നടത്തിവരുന്ന മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ സ്ഥാനാര്‍ഥിയുമായ പ്രഗ്യാസിങ്ങിന് ബി.ജെ.പിയുടെ താക്കീത്. പ്രകോപനപരമായ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി പ്രഗ്യക്കു നിര്‍ദേശം നല്‍കി. ഞായറാഴ്ച യു.പിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി നാലുമണിക്കൂറോളം നീണ്ട യോഗത്തിലാണ് പ്രസ്താവനകളില്‍ മിതത്വം പാലിക്കാന്‍ അവരോട് നേതൃത്വം ആവശ്യപ്പെട്ടത്.
പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രകോപനപരമായ പരാമര്‍ശത്തിന്റെ പേരില്‍ പ്രഗ്യാസിങ്ങിന് 24 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ രണ്ടുനോട്ടിസുകള്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ക്കു പാര്‍ട്ടി താക്കീത് നല്‍കിയത്.
മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) തലവന്‍ ഹേമന്ത് കര്‍ക്കരെക്കെതിരായ പരാമര്‍ശത്തിന്റെ പേരിലും ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകരില്‍ താനും ഉണ്ടായിരുന്നുവെന്നും അതില്‍ സന്തോഷമേയുള്ളൂവെന്നുമുള്ള പ്രസ്താവനയുടെയും പേരിലാണ് അവര്‍ക്ക് കമ്മിഷന്‍ നോട്ടിസയച്ചത്. കര്‍ക്കരെക്കെതിരായ പരാമര്‍ശം ബി.ജെ.പി തള്ളിയിരുന്നു. ഇതിനു പിന്നാലെ അവര്‍ മാപ്പുപറയുകയുണ്ടായി.
അതേസമയം, പ്രഗ്യാസിങ്ങിനു പിന്തുണയുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍ രംഗത്തുവന്നു, പ്രഗ്യാസിങ് രാജ്യസ്‌നേഹിയും ഇന്ത്യയുടെ നിഷ്‌കളങ്കയായ പുത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ അവര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. മലേഗാവ് കേസില്‍ പ്രഗ്യാസിങ്ങിനെതിരേ തെറ്റായ കുറ്റങ്ങള്‍ ആണ് ചുമത്തിയിരുന്നത്.
അവരെ കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിക്കുകയായിരുന്നുവെന്നും വലിയ പീഡനങ്ങളാണ് അവര്‍ നേരിട്ടതെന്നുമാണ് ചൗഹാന്‍ പറഞ്ഞത്. പൊലിസ് കസ്റ്റഡിയില്‍ പ്രഗ്യാസിങ് പീഡനം നേരിട്ടുവെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥരും കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാനും നിഷേധിച്ചിട്ടുണ്ട്.
അതിനിടെ ബാബരി മസ്ജിദ് പരാര്‍ശത്തിന്റെ പേരില്‍ പ്രഗ്യാ സിങ്ങിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഭോപ്പാല്‍ കലക്ടര്‍ കൂടിയായ ജില്ലാ ഇലക്ടറല്‍ ഓഫിസര്‍ സുധം ഖദെ നിര്‍ദേശം നല്‍കി. ഭോപ്പാലിലെ ടി.ടി നഗര്‍ പൊലിസ് സ്റ്റേഷനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പ്രസംഗത്തിന്റെ പേരില്‍ നേരത്തെ ഇലക്ടറല്‍ ഓഫിസര്‍ പ്രഗ്യാ സിങ്ങിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനാലും പ്രഗ്യാസിങ്ങിന്റെ നടപടി പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായതിനാലുമാണ് കേസെടുക്കുന്നതെന്ന് സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."