മീനങ്ങാടിയിലെ പോസ്റ്റര്‍ യുദ്ധം ധര്‍ണയിലേക്ക് പോസ്റ്ററുകള്‍ ഉയര്‍ത്തിയത് എ.ഐ.വൈ.എഫ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍
മീനങ്ങാടി: ഫുട്പാത്ത് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മീനങ്ങാടിയിലെ പോസ്റ്റര്‍ യുദ്ധം ധര്ണയിലെത്തുന്നു. ടൗണിലെ ഫുട്പാത്ത് നവീകരണ പ്രവൃത്തി ആരംഭിച്ചതുമുതല്‍ പണിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വിവിധ പാര്ട്ടിക്കാര് തങ്ങളുടെ പ്രതിഷേധങ്ങള്‍ ഫ്ളക്സുകളിലൂടെയും പോസ്റ്ററുകളിലൂടെയും കരാറുകാരനെതിരെ തിരിച്ച് വിട്ടിരുന്നു.
പണിയില്‍ ഒരു മാറ്റവുമില്ലാതെ കരാറുകാര്‍ പണി തുടര്‍ന്ന് മാര്‍ക്കറ്റ് ജങ്ഷനിലെത്തിയപ്പോള്‍ കഥ മാറി. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുന്ന മാര്‍ക്കറ്റ് റോഡിലേക്കുള്ള ഭാഗത്ത് ഫുട്പാത്ത് കമ്പി കൊടുത്ത് കോണ്‍ക്രീറ്റ് കനം കൂട്ടി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് തല്ക്കാലം പണി നിര്‍ത്തി വച്ച് നാളെ തീരുമാനമാക്കാം എന്ന് പറഞ്ഞു പണിക്കാരും പോയി. പണി പാതി വഴി നിര്‍ത്തിയതിനാല്‍ മാര്‍ക്കറ്റിലേക്ക് വാഹനം കയറാതെയായി.
കച്ചവടം പകുതിയായി കുറയുകയും ചെയ്തു. ഇതോടെ ലീഗിനെതിരേ പോസ്റ്ററുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെത്തി. ഉള്ള ചോറും ചക്കയിലൊട്ടി, പണി തടഞ്ഞ് വഴിമുടക്കിയ ലീഗിനെ തിരിച്ചറിയുക എന്നെഴുതിയ പോസ്റ്ററാണ് ആദ്യം മാര്‍ക്കറ്റ് ജങ്ഷനില്‍ ഉയര്‍ന്നത്.
പിറ്റേ ദിവസം കരാറുകാരനെത്തി പണി തുടര്‍ന്നു. ഇതിനിടെ ലീഗ് പ്രവര്‍ത്തകരും ഫ്ളക്സ് ബോര്‍ഡുയര്‍ത്തി. പണം വാങ്ങിയവര്‍ കരാറുകാരനൊപ്പം മുസ്ലിം ലീഗ് ജനങ്ങളോടൊപ്പം, എന്നെഴുതിയാണ് അവര്‍ ബോര്‍ഡുയര്‍ത്തിയത്.
ഒപ്പം നാളെ മാര്‍ക്കറ്റ് ജങ്ഷനില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ സംഘടിപ്പിക്കാനും ലീഗ് കമ്മിറ്റി തീരുമാനിച്ചു. അതേസമയം ഇന്നലെ വൈകിട്ട് എ.ഐ.വൈ.എഫുകാര്‍ ലീഗിനെതിരെ വീണ്ടും ബോര്‍ഡുയര്‍ത്തി. ലീഗ് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് എഴുതിയ ബോര്‍ഡാണ് ഇന്നലെ രാത്രി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. എന്തായാലും മീനങ്ങാടിയിലെ പോസ്റ്റര്‍ യുദ്ധം നാളെയോടെ ഒരു വഴിത്തിരിവിലെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."