ജില്ലയില്‍ തകരാറിലായത് നൂറോളം ട്രാന്‍സ്ഫോര്‍മറുകള്‍; കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം
മഞ്ചേരി: കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും ജില്ലയില്‍ വൈദ്യുതി വകുപ്പിന് അഞ്ചുകോടിയുടെ നഷ്ടം. തിരൂര്‍ സര്‍ക്കിളിനുകീഴില്‍ 1.74 കോടിയും മഞ്ചേരിയില്‍ 2.82 കോടിയും നിലമ്പൂരില്‍ 47 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. കാലവര്‍ഷം തുടങ്ങിയ മെയ് 25 മുതല്‍ ജൂണ്‍ 19 വരെയുള്ള കണക്കാണിത്.
നഷ്ടം ഇതിലേറെ കൂടാനാണ് സാധ്യത. 11 കെവി പോസ്റ്റുകള്‍, വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍, വിവിധ പഞ്ചായത്തുകളിലെ എല്‍.ടി ലൈനുകള്‍ എന്നിവ പൊട്ടിവീണു. നൂറോളം ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. വെള്ളം ക്രമാതീതമായി പൊങ്ങിയ ഇടങ്ങളിലെ ട്രാന്‍സ്ഫോര്‍മറുകള്‍ മണിക്കൂറുകളോളം ഓഫാക്കിയിടേണ്ടി വന്നു.
തിരൂര്‍ സര്‍ക്കിളില്‍ നാലര കിലോമീറ്റര്‍ ദൂരത്തില്‍ ഹൈ ടെന്‍ഷന്‍ ലൈനുകളാണ് നശിച്ചത്. 2.13 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 141.04 കിലോ മീറ്റര്‍ ദൂരത്തില്‍ ലോ ടെന്‍ഷന്‍ ലൈനുകളും 158 ഹൈ ടെന്‍ഷന്‍ വൈദ്യുത തൂണുകളും 1628 ലോ ടെന്‍ഷന്‍ വൈദ്യുത തൂണുകളും തകര്‍ന്നു.
തിരൂരില്‍ 30 ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. മഞ്ചേരി സര്‍ക്കിളിനുകീഴില്‍ 158 കിലോ മീറ്റര്‍ ദൂരത്തില്‍ ലോ ടെന്‍ഷന്‍ ലൈനുകളും 4.466 ഹൈടെന്‍ഷന്‍ ലൈനുകളും ഭാഗികമായി തകരാറിലായി. 190 ഹൈ ടെന്‍ഷന്‍ വൈദ്യുത തൂണുകളും 1400 ലോ ടെന്‍ഷന്‍ വൈദ്യുത തൂണുകളും തകര്‍ന്നു.
എല്‍.ടി ലൈനില്‍ 6255 ഇടങ്ങളിലും എച്ച്.ടി ലൈനില്‍ 220 ഇടങ്ങളിലും തകരാറുണ്ടായി. നിലമ്പൂരില്‍ അഞ്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."