വോട്ടേഴ്‌സ് സ്‌ലിപ്പുകള്‍ ലഭിച്ചില്ലെന്ന് പരാതി
മാനന്തവാടി: വോട്ടറാണെന്ന് അടയാളപ്പെടുത്തുന്ന സ്ലിപ്പുകള്‍ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മുന്‍കാലങ്ങളില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് പേരും വോട്ട് ചെയ്യേണ്ട ബൂത്തും കാണിച്ചുകൊണ്ട് എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ ചെന്ന് സ്ലിപ്പുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച സ്ലിപ്പുകള്‍ നല്‍കുന്നതിനായി ബ്ലോക്ക് ലെവല്‍ ഓഫിസര്‍മാരെ നിയോഗിച്ചിരുന്നു. വിരമിച്ച ഉദ്യോഗസ്ഥന്മാരടക്കമുള്ളവരെയാണ് ബി.എല്‍.ഒമാരായി ഓരോ ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിയോഗിച്ചത്. എന്നാല്‍ ഒട്ടുമിക്ക വോട്ടര്‍മാരുടെയും വീടുകളില്‍ വോട്ടര്‍സ്ലിപ്പ് ലഭിച്ചിട്ടില്ല.
ഇവരുടെ സ്ലിപ്പുകള്‍ തൊട്ടടുത്ത കടകളിലും, മറ്റുള്ള വീടുകളിലുമാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. സ്ലിപ്പ് കൈപ്പറ്റുന്നവരില്‍ നിന്നും കിട്ടിയെന്ന് ബോധ്യപ്പെടുത്തുന്നതിന് സാക്ഷ്യപത്രമൊന്നുമില്ലാത്തതിനാല്‍ ബി.എല്‍.ഒമാര്‍ക്ക് സ്ലിപ്പ് എവിടെയും കൊടുക്കാമെന്ന സാഹചര്യമുണ്ടാക്കി. വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയല്ല, വോട്ടര്‍ സ്ലിപ്പെന്നും, സമ്മതിദായകന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ പറഞ്ഞിട്ടുള്ളത്.
മുന്‍കാലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പ് ഉള്ളതിനാല്‍ പോളിങ് ബൂത്തുകളിലേക്ക് സമ്മതിദായകന് ഭയാശങ്കകളില്ലാതെ പോകാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.എല്‍.ഒമാര്‍ സ്ലിപ്പുകള്‍ കൊടുക്കാത്തതിനാല്‍ വോട്ടറാണോയെന്ന സംശയത്തിലാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."