നാം ഒന്നായി ഇന്ന് ബൂത്തിലേക്ക്
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിലാകെ 1947 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ട് രേഖപ്പെടുത്താം. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം 1212 സ്റ്റേഷനുകള്‍ ഉണ്ട്. പോളിങ് ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്ങ് ഓഫിസറും മൂന്ന് പോളിങ് ഓഫിസര്‍മാരുമാണുള്ളത്. പ്രിസൈഡിങ്ങ് ഓഫിസര്‍ക്കാണ് ബൂത്തിന്റെ ചുമതല.
ഒന്നാം പോളിങ് ഓഫിസര്‍ വോട്ട് ചെയ്യാനെത്തുന്നുവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പ് വരുത്തും. രണ്ടാം പോളിങ് ഓഫിസര്‍ വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ മഷി പുരട്ടി രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തിയ ശേഷം വോട്ടേഴ്‌സ് സ്ലിപ്പ് നല്‍കും. മൂന്നാം പോളിങ് ഓഫിസര്‍ സ്ലിപ്പ് സ്വീകരിച്ച ശേഷം മഷി പുരട്ടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തി കണ്‍ട്രോള്‍ യൂനിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തും.
തുടര്‍ന്നാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ടര്‍മാരെ സഹായിക്കാന്‍ ഇത്തവണ പോളിങ് സ്റ്റേഷന് സമീപത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ അസിസ്റ്റന്റ് ബൂത്തുകള്‍ അഥവാ വി.എ.ബി.യും സജീകരിച്ചിട്ടുണ്ട്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ക്രിട്ടിക്കല്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മൈക്രോ ഒബ്‌സര്‍വര്‍മാരും ഉണ്ടാകും. ഇവിടങ്ങളില്‍ വെബ് കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി
കൊല്ലം: ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. വി.വി പാറ്റ്, ഇ.വി.എം, കണ്‍ട്രോള്‍ യൂനിറ്റ് എന്നിവ ഉള്‍പ്പെടുന്ന വോട്ടിങ് സാമഗ്രികളാണ് വിതരണം ചെയ്തത്. പോളിങ് ഓഫിസര്‍മാര്‍ രാവിലെ എട്ടു മുതല്‍ വോട്ടിങ് സാമഗ്രികള്‍ കൈപ്പറ്റി. മണ്ഡലാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഉപവരണാധികാരികളുടെ മേല്‍നോട്ടത്തിലായിരുന്നു വിതരണം.
പോളിങ് സാമഗ്രികളുടെ വിതരണത്തിന് ശേഷം പോളിങ് ഉദ്യോഗസ്ഥരെ റൂട്ട് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പ്രത്യേക വാഹനത്തില്‍ അതത് പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ചു.
പുനലൂര്‍- പുനലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുണ്ടറ, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളുടേത് കൊല്ലം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം-കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കരുനാഗപ്പള്ളി-കരുനാഗപ്പള്ളി സര്‍ക്കാര്‍ യു.പി സ്‌കൂള്‍, ചവറ-കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കുന്നത്തൂര്‍-ശാസ്താംകോട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊട്ടാരക്കര, ചടയമങലം മണ്ഡലങ്ങളുടേത് കിഴക്കേക്കര സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പത്തനാപുരം-പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിതരണം നടത്തിയത്.
മൊട്ടുസൂചി മുതല്‍ മെഴുകുതിരി വരെ
കൊല്ലം: പോളിങ് ബൂത്തിലേക്കുള്ള അവശ്യസാധനങ്ങളില്‍ മൊട്ടുസൂചി മുതല്‍ മെഴുകുതിരിവരെ അവശ്യവസ്തുക്കളുടെ നീണ്ടനിര. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തിലേക്കാവശ്യമായ എല്ലാ സ്റ്റേഷനറികളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലഭ്യമാക്കുന്നുണ്ട്.
ബാലറ്റ് യൂനിറ്റുകളും വി.വി പാറ്റ് മെഷീനുകളുമടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കൊപ്പം പെന്‍സില്‍, പേന, പേപ്പര്‍, പശ, ബ്ലെയിഡ്, തീപ്പെട്ടി, മെഴുകുതിരി, റബര്‍ ബാന്‍ഡുകള്‍, സെല്ലോ ടേപ്പുകള്‍ തുടങ്ങിയവയെല്ലാമുണ്ട്. സമ്മതിദായകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന സൂചനാബോര്‍ഡുകളും പോളിങ് സാമഗ്രികളുടെ കൂട്ടത്തിലുണ്ട്.
ഇത്തവണ എല്ലായിടത്തും വി.വി പാറ്റ് മെഷീനുകള്‍കൂടി പോളിങ് ബൂത്തുകളില്‍ ഇടംപിടിക്കുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ കൃത്യത ഉറപ്പാക്കാന്‍ അവസരം ലഭ്യമാക്കാനുള്ള സംവിധാനമാണിത്.രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം ഒരു പേപ്പര്‍ സ്ലിപിലൂടെ തത്സമയം വി.വി പാറ്റ് മെഷീനില്‍ ഏഴ് സെക്കന്‍ഡ് തെളിയും. ഈ സ്ലിപ്പ് സമ്മതിദായകര്‍ക്ക് ലഭിക്കില്ല.
അത് മെഷീനകത്തുതന്നെ അഞ്ചു വര്‍ഷത്തോളം കേടുവരാതെ സൂക്ഷിക്കാവുന്ന പേപ്പറിലാണ് സ്ലിപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."