കാലാവസ്ഥാ വ്യതിയാനം; പച്ചത്തേയില ഉല്‍പാദനത്തില്‍ വന്‍ ഇടിവ്
ഗൂഡല്ലൂര്‍: കാലാവസ്ഥാ വ്യതിയാനം തേയില കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പച്ചത്തേയില ഉല്‍പാദനം കുറയുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
നീലഗിരി ജില്ലയില്‍ പച്ചത്തേയിലയുടെ ഉല്‍പാദനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കുന്നൂര്‍ ഉപാസി ഗവേഷണ കേന്ദ്രം അസി.ഡയറക്ടര്‍ ഡോ: ഉദയഭാനു പറഞ്ഞു. സാധാരണ തേയില വിളവ് ജനവരി, ഫിബ്രവരി, മാര്‍ച്ച്, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കുറയും. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ കുറവുണ്ടാകാനാണ് സാധ്യത.
ഇത്തവണ ജനവരി മുതല്‍ തന്നെ വിളവ് താരതമ്യേന വളരെ കുറവാണ്. പതിവുപോലെ ജനവരി മുതല്‍ മാര്‍ച്ച് വരെ തുടര്‍ന്ന വിളവിലെ മന്ദഗതി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അധിക വിളവ് കാലയളവിലും തുര്‍ന്നിരുന്നു.
40 മുതല്‍ 50 ശതമാനം വരെയാണ് വളര്‍ച്ചയിലെ ഇടിവ്. മഴയുടെ അളവ് കുറഞ്ഞത് കാരണം ജൂലൈ മാസത്തിലും 10 ശതമാനം ഉല്‍പാദനം കുറയാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.09 മില്ല്യണ്‍ കിലോയായിരുന്ന വിളവ് ഇത്തവണ 3.05 മില്ല്യണ്‍ ആയി കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനവരി മുതല്‍ ഡിസംബര്‍ വരെ ലഭിച്ച 15 മില്ല്യണ്‍ ഇത്തവണ 12.05 മില്ല്യണായി കുറയുമെന്നാണ് കരുതുന്നതെന്നും ഡോ. ഉദയഭാനു മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍, മെയ്, ജൂണ്‍, ഒക്ടോബര്‍, നവമ്പര്‍, ഡിസംബര്‍ മാസങ്ങളിലാണ് വര്‍ഷത്തില്‍ തേയില വിളവ് കൂടുതല്‍ ലഭിക്കുന്ന സീസണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."