വിരലമര്‍ത്താന്‍ ജില്ല ഒരുങ്ങി
തൃശൂര്‍: ജില്ലയിലെ 24,36,393 വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് പോളിങ്. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ഇന്നലെ വൈകിട്ടോടെ ബൂത്തുകളിലെത്തി. 13 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്. 11,000 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ബൂത്തുകളുടെ സുരക്ഷയ്ക്കായി 5000 പൊലിസ് ഉദ്യോഗസ്ഥരെയും 500 അര്‍ധ സൈനിക,കേന്ദ്ര സേനാ വിഭാഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്. പോളിങിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരിച്ച് അതത് സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിക്കും.
തൃശൂര്‍, ചാലക്കുടി, ആലത്തൂര്‍ മണ്ഡലങ്ങളിലായി 2,283 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 1,258, ആലത്തൂരില്‍ 510, ചാലക്കുടിയില്‍ 515. ജില്ലയില്‍ 145 മാതൃകാ ബൂത്തുകളുണ്ട്. പട്ടികവര്‍ഗ മേഖലയില്‍ 20 ബൂത്തുകള്‍. കയ്പമംഗലത്ത് 20 ബൂത്തുകളില്‍ രണ്ടെണ്ണം സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.
ജില്ലയില്‍ 24 വള്‍നറബിള്‍ ബൂത്തുകളും 290 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്. 50 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തും. 264 ബൂത്തുകള്‍ക്കായി 168 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 11,71,011 പുരുഷ വോട്ടര്‍മാരും 12,65,356 സ്ത്രീ വോട്ടര്‍മാരും 26 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് ജില്ലയിലുള്ളത്. ജില്ലയിലാകെ 8919 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പി.എച്ച്.സികളുടെ ആംബുലന്‍സ്, ഓട്ടോറിക്ഷകള്‍ ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും നാല് വീതവും നഗരസഭകളില്‍ എട്ട് വീതവും കോര്‍പറേഷനില്‍ 16 ഉം ഓട്ടോറിക്ഷകള്‍ സജീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ 2,608 വീതം കണ്‍ട്രോള്‍ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളും 2,927 വിവിപാറ്റ് മെഷിനുമാണ് അനുവദിച്ചിട്ടുള്ളത്. 14 ശതമാനം ഇ.വി.എമ്മും 28 ശതമാനം വിവിപാറ്റും റിസര്‍വ് ആയുണ്ട്. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ അവസാനിക്കുന്നതുവരെ ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിങ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ ആയുധങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കുന്നതും ആയുധം കണ്ടുകെട്ടുന്നതുമാണ്. ഹരിത പെരുമാറ്റചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."