വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 'മലപ്പുറം' തീരുമാനിക്കും
ജാഫര്‍ കല്ലട
നിലമ്പൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് ജില്ലയിലെ മണ്ഡലങ്ങള്‍ക്ക്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളതും യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലവുമായ വണ്ടൂരില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. വണ്ടൂരില്‍ ഏകദേശം 2,20,000 വോട്ടുകളുണ്ട്.
യു.ഡി.എഫിന്റെ മറ്റൊരു ശക്തികേന്ദ്രമായ ഏറനാട്ടില്‍നിന്നാണ് രണ്ടാമത്തെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. വണ്ടൂര്‍ മണ്ഡലത്തെ അപേക്ഷിച്ച് അറുപതിനായിരത്തോളം വോട്ടര്‍മാര്‍ കുറവാണിവിടെ. എങ്കിലും 2014ല്‍ എം.ഐ ഷാനവാസിന് വയനാട് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് ഏറനാട് മണ്ഡലത്തില്‍നിന്നാണ്. അന്നു വണ്ടൂരില്‍ പതിനെട്ടായിരത്തിലേറെ വോട്ടുകള്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 12,500ല്‍ താഴെയായിരുന്നു വണ്ടൂരില്‍നിന്നു ലഭിച്ചത്.
ഈ രണ്ടു മണ്ഡലങ്ങളില്‍നിന്നായി ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസും യു.ഡി.എഫും അവകാശപ്പെടുന്ന മൂന്നു ലക്ഷത്തിനു മുകളിലേക്കുള്ള ഭൂരിപക്ഷം ലഭിക്കൂ. ജില്ലയില്‍നിന്നുള്ള മറ്റൊരു മണ്ഡലമായ നിലമ്പൂര്‍ നിലവില്‍ എല്‍.ഡി.എഫ് പക്ഷത്താണ്. 2014ല്‍ എം.ഐ ഷാനവാസിന് 3500ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നിലമ്പൂര്‍ മണ്ഡലത്തില്‍നിന്നു ലഭിച്ചിരുന്നത്.
ഏറനാട്ടിലും വണ്ടൂരിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച മുന്നേറ്റം നടത്താനായപ്പോള്‍ നിലമ്പൂരില്‍ 11,000ത്തിലേറെ വോട്ടുകള്‍ക്ക് യു.ഡി.എഫ് പരാജയപ്പെടുകയാണുണ്ടായത്. നിലമ്പൂരില്‍ നിന്നും യു.ഡി.എഫ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വണ്ടൂരില്‍ നിന്നും, ഏറനാട്ടില്‍ നിന്നും ലഭിക്കുന്ന ഭൂരിപക്ഷത്തിനൊപ്പമെത്തില്ല. പ്രിയങ്കാഗാന്ധി പങ്കെടുത്ത നിലമ്പൂരിലേയും അരീക്കോട്ടേയും സമ്മേളനനഗരി താരതമ്യം ചെയ്യുമ്പോള്‍ അരീക്കോട്ട് ആയിരുന്നു കൂടൂതല്‍ പ്രവര്‍ത്തകര്‍ എത്തിയത്.
വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ കല്‍പ്പറ്റയും മാനന്തവാടിയും എല്‍.ഡി.എഫ് പക്ഷത്താണ്. കോഴിക്കോട് ജില്ലയില്‍നിന്നു വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏക മണ്ഡലമായ തിരുവമ്പാടിയും നിലവില്‍ ഇടതുപക്ഷത്താണ്.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയും, മലപ്പുറം ജില്ലയിലെ ഏറനാടും വണ്ടൂരും മാത്രമാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. അതിനാല്‍ തന്നെ ജില്ലയില്‍ നിന്നുള്ള ഭൂരിപക്ഷം കുറഞ്ഞത് ഒന്നരലക്ഷമെങ്കിലും ലഭിക്കേണ്ടത് യു.ഡി.എഫിന് അനിവാര്യമാണ്.
2009ല്‍ യു.ഡി.എഫിലെ എം.ഐ ഷാനവാസിനെതിരേ എന്‍.സി.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. മുരളീധരന്‍ മാത്രം 99,160 വോട്ടുകള്‍ നേടിയിരുന്നു. ഇത് തങ്ങളുടെ വോട്ടുകളാണെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. 2009ല്‍ എം.ഐ ഷാനവാസ് നേടിയ ഭൂരിപക്ഷം 1,53,000 വോട്ടുകളും കൂടി ചേര്‍ക്കുമ്പോള്‍ രണ്ടരലക്ഷം ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
ഇതു കൂടാതെ രാഹുല്‍ഗാന്ധി വ്യക്തിപരമായി നേടുന്ന വോട്ടുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഭൂരിപക്ഷം നാലുലക്ഷം വരെയാവുമെന്നാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൊടുത്തിരിക്കുന്ന ഉറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."