കൈകോര്‍ത്ത് കണ്ണൂര്‍: 'കേരളത്തിനായി ഒരു മാസം' കാംപയിനില്‍ പങ്കാളികളാകണം: മന്ത്രി കെ.കെ ശൈലജ
കണ്ണൂര്‍: മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം സെപ്റ്റംബര്‍ ആദ്യ വാരത്തോടെ വിതരണം ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ റോഡുകള്‍ക്ക് 183.79 കോടിയുടെ നഷ്ടവും 20 പാലങ്ങള്‍ തകര്‍ന്ന വകയില്‍ 40.89 കോടിയുടെ നഷ്ടവുമുണ്ടായി. 26 കോടിയുടെ കൃഷി നാശമാണ് ജില്ലയില്‍ പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ഇതിനകം 113 വീടുകള്‍ പൂര്‍ണമായും 2625 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഈ കാലവര്‍ഷത്തില്‍ ആകെ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 20 പേരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി. വീടുകള്‍ക്കും മറ്റുമുണ്ടായ നാശ നഷ്ടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി 1.85 കോടി രൂപ താലൂക്കുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1.3 കോടി രൂപ ഇതിനകം വിതരണം ചെയ്തതായും കലക്ടര്‍ അറിയിച്ചു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമി പൂര്‍ണമായും നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക പാക്കേജ് തയാറാക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. ഓരോ ആള്‍ക്കും എത്ര സെന്റ് സ്ഥലമാണ് നഷ്ടമായതെന്നതിനെ കുറിച്ചുള്ള കണക്കെടുപ്പ് വില്ലേജ് ഓഫിസര്‍മാര്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന 'കേരളത്തിനായി ഒരു മാസം' കാംപയിനില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."