നെല്ലു സംഭരണം: പ്രതിവര്‍ഷം 73 കോടിയുടെ അഴിമതിയെന്ന് പി.ടി തോമസ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷിക്കാരില്‍ നിന്നുള്ള നെല്ലു സംഭരണത്തില്‍ പ്രതിവര്‍ഷം 73 കോടി രൂപയുടെ അഴിമതി നടക്കുന്നുവെന്നു പി.ടി തോമസ് എം.എല്‍.എ. കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്ന നെല്ല് മില്ലുകാര്‍ക്കു കൊടുത്തു തിരികെ വാങ്ങുന്ന അനുപാതം കുറച്ചതു മൂലമാണു അഴിമതിക്ക് കളമൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലാണു വന്‍കിട മില്ലുകാരെ സഹായിക്കുന്ന തരത്തിലുള്ള തീരുമാനമെടുത്തത്. നെല്ലു സംഭരണത്തിനു താങ്ങുവില, പാക്കിങ് ചാര്‍ജ് ഉള്‍പ്പെടെ എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാരാണു നല്കി വരുന്നതെന്നും പി.ടി.തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു ക്വിന്റല്‍ നെല്ലു നല്കിയാല് 68 കിലോ അരിയാണു സര്‍ക്കാരിനു മില്ലുകാര്‍ തിരികെ നല്‍കേണ്ടത്. ഇതു കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അനുപാതമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ, തിരികെ നല്കുന്ന അരിയുടെ അനുപാതം 68 കിലോയില്‍ നിന്നും 64.5 കിലോയായി മില്ലുകാര്‍ക്കു കുറച്ചു നല്‍കുകയായിരുന്നു. ഇതുമൂലം വന്‍കിട മില്ലുകാര്‍ക്കു പ്രതിവര്‍ഷം 73 കോടി രൂപയുടെ അമിതലാഭം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി തന്നെ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പി.ടി തോമസ് പറഞ്ഞു. നെല്കൃഷിക്കാരെയും റേഷന്‍ വാങ്ങുന്നവരെയും മറയാക്കി മുഖ്യമന്ത്രി അഴിമതിയുടെ ഉത്സവം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."