വിജിലന്‍സ് അന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കണം: കോടിയേരി
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ ഭയമില്ലെന്നും വിജിലന്‍സ് അന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫ് ഭവന പദ്ധതിയില്‍ സര്‍ക്കാരുമായോ പാര്‍ട്ടിയുമായോ ബന്ധപ്പെട്ട ആരും കൈക്കൂലി വാങ്ങിയതായി ആരോപണമില്ല. കമ്മിഷന്‍ വാങ്ങുന്നതിനോട് പാര്‍ട്ടിക്കു യോജിപ്പില്ല. അതു പാര്‍ട്ടി രീതിയുമല്ല. ഇപ്പോള്‍ മൂന്നു കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ അന്വേഷിക്കുകയാണ്. അന്വേഷണത്തില്‍ എല്ലാം തെളിയുമെന്നും ഒരന്വേഷണത്തിനും സി.പി.എം എതിരല്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ് ശ്രമിക്കുന്നു. പണം മുടക്കി സര്‍ക്കാരിനെതിരേ പ്രചാരണം നടത്തുകയാണ്. നിയമസഭയില്‍ കൊണ്ടു വരുന്ന അവിശ്വാസ പ്രമേയം യു.ഡി.എഫിനു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്കു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ നടക്കില്ല. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിയ്ക്കു രണ്ടു ലക്ഷം മെയില്‍ അയയ്ക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ വിമാനത്താവളം അദാനിക്കു കൈമാറുന്നതില്‍ ആദ്യം എതിരായിരുന്നു. പ്രതിഷേധമറിയിച്ച് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനു കത്തും അയച്ചതാണ്. എന്നാല്‍ ഇപ്പോള്‍ അനുകൂലമായ നിലപാടാണ് മുരളീധരന്‍ സ്വീകരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. തിരുവനന്തപുരം എം.പി ശശി തരൂരിന്റെയും നിലപാട് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹം നിലപാടു തിരുത്തി സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയുമുള്ള കള്ള പ്രചരണങ്ങള്‍ക്കെതിരേ പാര്‍ട്ടി പ്രചരണം സംഘടിപ്പിക്കും. ഇപ്പോള്‍ സര്‍ക്കാരിനെതിരേയുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നു പിന്നീടു ബോധ്യമാകുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."