കല്ലട ബസിലെ മര്‍ദനവും ഹിന്ദു വേട്ടയാക്കുന്നു: ഹിന്ദു സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമെന്ന് സംഘ് പരിവാര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തെ ഹിന്ദു വേട്ടയാക്കി സംഘ്പരിവാര്‍. യാത്രക്കാര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ട്രാവല്‍സിനെതിരേ വ്യാപകമായ പരാതിയാണ് ഉയര്‍ന്നത്. മുന്‍കാല ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നിരവധിപേര്‍ രംഗത്തു വരികയും ചെയ്യുമ്പോഴാണ് പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ സംഘ് പരിവാര്‍ ഗൂഢമായ ശ്രമം നടത്തുന്നത്.
ബസ് സര്‍വീസിനെക്കുറിച്ച് ഉയര്‍ന്ന പരാതികളെല്ലാം ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്ന പ്രചാരണത്തിന് എരിതീയില്‍ എണ്ണപകരാന്‍ സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയെ തന്നെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. കല്ലട ബസിന്റെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. യാത്രക്കാരെ മര്‍ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ പൊലിസ് വിളിപ്പിച്ചിട്ടുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നുമാണ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍.
ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് കല്ലട ഗ്രൂപ്പിനെതിരേ നടക്കുന്നത് ഏകപക്ഷീയമായ പ്രചാരണങ്ങളാണെന്ന് ആരോപിക്കുന്നു. ഇതിന്റെ പിന്നിലെ യഥാര്‍ഥ ഉദ്ദേശം എന്താണെന്നും ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായി ശിക്ഷ ഉറപ്പാക്കുന്നതിനുപകരം സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എം.എ യൂസഫലിയുടെ ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ അദ്ദേഹത്തിനെതിരേ ഇങ്ങനെ പ്രതികരിക്കുമോ എന്ന വിചിത്രമായ ചോദ്യവും ഇയാള്‍ ഉയര്‍ത്തുന്നുണ്ട്.
അതേ പ്രചാരണങ്ങളാണ് മിക്ക സംഘപരിവാര്‍ ഗ്രൂപ്പുകളിലും നിറയുന്നത്. ഹിന്ദു സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിത നീക്കള്‍ തന്നെയാണ് കല്ലടയ്‌ക്കെതിരേയും ഉണ്ടായിരിക്കുന്നതെന്ന് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പില്‍ ഒരാള്‍ പറയുന്നുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നുവരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും ഈ ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്.
നെഹ്‌റു ഗ്രൂപ്പ്, നിറപറ, അറ്റല്‌സ് എന്നിവയ്‌ക്കെതിരേ നടന്നപോലെ ട്രാവല്‍സ് രംഗത്തെ അതികായന്മാരായി കുറഞ്ഞകാലം കൊണ്ട് മാറിയ കല്ലട ഗ്രൂപ്പിനെതിരേ നടക്കുന്നതും ഹിന്ദു വിരുദ്ധതയാണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പരാതി. മറ്റു മതക്കാര്‍ നടത്തുന്ന പല സ്ഥാപനങ്ങളിലും ഇതിലേറെ തെമ്മാടിത്തരങ്ങള്‍ നടന്നിട്ടും ഹിന്ദു സ്ഥാപനങ്ങളില്‍ നടക്കുന്ന വളരെ ചെറിയ വിഷയങ്ങളെ പോലും വന്‍ പ്രചരണം നല്‍കി മോശമാക്കുകയും അത്തരം സ്ഥാപനങ്ങളുടെ വരുമാനം തകര്‍ക്കുവാന്‍ രാഷ്ട്രീയക്കാരെയും നിയമവ്യവസ്ഥിതിയേയും ഉപയോഗിക്കുകയാണെന്നും ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നു.
കല്ലട ട്രാവല്‍സിന്റെ ബസ് കേടായെന്നു പറഞ്ഞു യാത്രാമധ്യേ മണിക്കൂറുകളോളം പിടിച്ചിട്ടത് ചോദ്യം ചെയ്ത യുവാക്കളെയാണ് വൈറ്റിലയില്‍ ഒരു കൂട്ടം ഗുണ്ടകള്‍ എത്തി ക്രൂരമായി മര്‍ദിച്ചത്. ഇത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതിലൂടെ മാത്രമാണീ ക്രൂരത പൊതുജനമറിഞ്ഞത്. വാര്‍ത്ത പരന്നതോടെ വര്‍ഷങ്ങളായി തങ്ങള്‍ക്കുണ്ടായ നിരവധി ദുരനുഭവങ്ങള്‍ പങ്കുവെച്ച് സ്ത്രീകളും വൃദ്ധരും അടക്കം രംഗത്തുവരികയായിരുന്നു. ഇതിനെയാണ് തികച്ചും വര്‍ഗീയമായി ചിത്രീകരിക്കാന്‍ ചില ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങളുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."