തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണോ?
സര്‍വകക്ഷിയോഗം വിളിക്കണം
സമയത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് തന്നെയാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളോട് കൂടിയാലോചന നടത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നു. ഏകപക്ഷീയമായ നിലപാടുമായാണ് കമ്മിഷന്‍ മുന്നോട്ടുപോകുന്നത്. പ്രോക്‌സി വോട്ടും തപാല്‍ വോട്ടും സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ഒഴിവാക്കി മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ. രോഗവ്യാപനം സംഭവിക്കുന്നതായും 65 വയസ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത് എന്നും കൂട്ടംകൂടി നില്‍ക്കരുത് എന്നുമൊക്കെ പറയുന്ന ഗവണ്‍മെന്റിന് ഇതേ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക അസാധ്യമാണ്. 65 കഴിഞ്ഞ ഒരാള്‍ മത്സരിക്കുകയാണെങ്കില്‍ അയാള്‍ക്കെങ്ങനെ പുറത്തിറങ്ങാതിരിക്കാന്‍ പറ്റും? അശാസ്ത്രീയവും അപ്രായോഗികവുമാണ് ഇത്തരം നിര്‍ദേശങ്ങള്‍. തെരഞ്ഞെടുപ്പ് സുഗമമാക്കാനായി രാഷ്ട്രീയപ്പാര്‍ട്ടികളുമായി കൂടിയാലോചന നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷിയോഗം വിളിക്കണം.
കെ.പി.എ മജീദ്
(ജനറല്‍ സെക്രട്ടറി, സംസ്ഥാന മുസ്‌ലിം
ലീഗ്)
ജീവനുണ്ടെങ്കിലേ ജനാധിപത്യമുള്ളൂ
പല ഘടകങ്ങളും പരിശോധിച്ച് വിവേകപൂര്‍വം എടുക്കേണ്ട തീരുമാനമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണോ വേണ്ടയോ എന്നത്. ഘടകങ്ങള്‍ ഇവയെല്ലാമാണ്.
1. ജീവനുണ്ടെങ്കിലേ ജനാധിപത്യമുള്ളൂ. തെരഞ്ഞെടുപ്പ് നടത്തിപ്പ് കൊവിഡ് വ്യാപനത്തെ പതിന്മടങ്ങ് രൂക്ഷമാക്കുമോ.
2. എന്തെല്ലാം സവിശേഷ പ്രതിരോധ മുറകളാണ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നമുക്ക് സജ്ജീകരിക്കാന്‍ കഴിയുക.
3. കൊവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ ഉള്ളവരുടെയും സമ്മതിദാനാവകാശം എങ്ങനെയാണ് കൈകാര്യം ചെയ്യുക.
4. സ്റ്റേറ്റ് ഓഫ് എക്‌സെപ്ഷന്‍ എന്ന മറയില്‍ കൊവിഡ് കാലത്ത് ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കല്‍ ഒരു തന്ത്രമായി ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്താതിരിക്കല്‍ ആ പ്രവണതയ്ക്ക് കൂട്ടുനില്‍ക്കലായി മാറുമോ? ഈ ഘടകങ്ങളെല്ലാം വിലയിരുത്തി തീരുമാനമെടുക്കണമെങ്കില്‍ അതിന് നിയോഗിക്കപ്പെടുന്ന സമിതിയില്‍ ആരോഗ്യ പ്രവര്‍ത്തകരും സാംക്രമികരോഗ പ്രതിരോധ മണ്ഡലത്തിലുള്ളവരും രാഷ്ട്രീയ ചിന്തകരും നിയമജ്ഞരും സര്‍വോപരി ഏറ്റവും വിവേകശാലിയായ വ്യക്തികളും ഉണ്ടാകേണ്ടതാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് സമിതിയില്‍ കടുകിട ഇടം നല്‍കരുത്.
കെ.പി രാമനുണ്ണി
(എഴുത്തുകാരന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."