ആരോഗ്യം വിറ്റ് സമ്പത്തു വാങ്ങുന്നത് നഷ്ടക്കച്ചവടം
താമസിക്കാന്‍ ബഹുനില കൊട്ടാരമുണ്ട്. സഞ്ചരിക്കാന്‍ ഏറ്റവും മുന്തിയ വാഹനം. ആസ്തിയായി കോടികള്‍. ഉല്ലസിക്കാന്‍ ഏക്കര്‍ക്കണക്കിനു പൂന്തോപ്പുകള്‍. പക്ഷേ, ഒന്നു ചെരിഞ്ഞു കിടക്കണമെന്നുണ്ടെങ്കില്‍ മറ്റൊരാളുടെ സഹായം വേണം. കഴുത്തിനു താഴേക്കു ക്ഷയരോഗം പിടിപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യും..? ഈ ഐശ്വര്യങ്ങളെല്ലാം തനിക്കു ബാധിച്ച അസുഖത്തിനു പരിഹാരമാകുമോ..? ഇയാള്‍ സത്യത്തില്‍ ഐശ്വര്യവാനാണോ അതോ ദരിദ്രനാണോ...?
ഇനി വേറൊരാളെ പറ്റി പറയാം. അയാള്‍ക്ക് പാര്‍ക്കാനുള്ളത് ചെറ്റക്കൂരയാണ്. സഞ്ചരിക്കാന്‍ സ്വന്തമായി വാഹനമില്ല. സമ്പാദ്യമായി ഉള്ളത് ആയിരം രൂപ മാത്രം. പക്ഷേ, ഒരസുഖം പോലും അയാള്‍ക്കില്ല. പൂര്‍ണാരോഗ്യവാന്‍.. തട്ടും മുട്ടുമില്ലാതെ ജീവിച്ചുപോകുന്നുണ്ട്. കിട്ടിയതില്‍ പൂര്‍ണതൃപ്തനായതുകൊണ്ട് സങ്കടങ്ങളോ നിരാശകളോ ഇല്ല.
ചോദിക്കട്ടെ, ഇദ്ദേഹം ദരിദ്രനാണോ അതോ ഐശ്വര്യവാനാണോ...? എല്ലാ സുഖസൗകര്യങ്ങളുമുള്ള ആദ്യം പറഞ്ഞ വ്യക്തിയാണോ അതോ സുഖസൗകര്യങ്ങള്‍ വളരെ കുറവായ ഇദ്ദേഹമാണോ യഥാര്‍ഥത്തില്‍ ഭാഗ്യവാന്‍..?
ഒന്നനങ്ങാന്‍ പോലും കഴിയാത്ത വിധം ശയ്യാവലംബിയായി കിടക്കുന്ന നിങ്ങളോട് ആരോഗ്യമാണോ അതോ ഈ ലോകമാണോ നിങ്ങള്‍ക്കുവേണ്ടതെന്നു ചോദിച്ചാല്‍ നിങ്ങളെന്തു മറുപടി പറയും..?
എന്താണ് ഐശ്വര്യം എന്ന ചോദ്യത്തിന് റാശിദ് ബിന്‍ സഅ്ദ് നല്‍കിയ മറുപടി ശാരീരികാരോഗ്യം എന്നായിരുന്നു. നിങ്ങള്‍ അല്ലാഹുവിനോട് ആരോഗ്യം ചോദിക്കണമെന്ന് പ്രവാചകന്‍ അരുള്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവാന്മാരുടെ ശിരസില്‍ കിടക്കുന്ന കിരീടമാണ് ആരോഗ്യം, അത് രോഗികളേ കാണൂ എന്ന് അറബ് മൊഴി.
ആരോഗ്യമാണു സമ്പത്ത്. അല്ല, സമ്പത്തിന്റെയും സമ്പത്ത്. ആരോഗ്യം സമ്പത്തു തരും. പക്ഷേ, സമ്പത്ത് ആരോഗ്യം തന്നുകൊള്ളണമെന്നില്ല. ആരോഗ്യം മുഴുവന്‍ സമ്പത്ത് നേടാനുപയോഗിക്കുകയും അവസാനം നേടിയ സമ്പത്തു മുഴുവന്‍ നഷ്ടപ്പെട്ടുപോയ ആരോഗ്യം തിരിച്ചെടുക്കാന്‍ ചെലവിടുകയും ചെയ്യുന്ന വങ്കത്തമാണ് ഇന്ന് പലരും കാണിക്കുന്നത്. കാറ് വിറ്റ് സൈക്കിള്‍ വാങ്ങുന്നത് നടക്കും. പക്ഷേ, സൈക്കിള്‍ വിറ്റ് കാറു വാങ്ങുന്നതു നടക്കില്ല. ആരോഗ്യം കൊടുത്ത് സമ്പത്ത് വാങ്ങാം. എന്നാല്‍ സമ്പത്ത് കൊടുത്ത് ആരോഗ്യം വാങ്ങാനാകില്ല.
എനിക്ക് ഒന്നും വേണ്ടിയിരുന്നില്ല, ഈ അസുഖം ഭേദമായാല്‍ മാത്രം മതിയായിരുന്നുവെന്ന് മോഹിച്ചു കഴിയുന്ന എത്രയാളുകളുണ്ട്..! മുന്‍ഗാമികള്‍ക്ക് സുഖസൗകര്യങ്ങള്‍ കുറവായിരുന്നുവെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ആരോഗ്യമുണ്ടായിരുന്നു. ഇന്ന് സുഖസൗകര്യങ്ങളേയുള്ളൂ. അതിനെക്കാള്‍ മുകളില്‍നില്‍ക്കുന്ന ആരോഗ്യമില്ല. നമുക്ക് ചെറുതാണു ലഭിച്ചത്. മുന്‍ഗാമികള്‍ക്ക് വലുതാണു ലഭിച്ചത്. വലുത് ലഭിച്ചാല്‍ ചെറുത് ലഭിച്ചില്ലെങ്കിലെന്ത്..? വലുത് ലഭിക്കാതെ ചെറുത് ലഭിച്ചിട്ടെന്ത്...? എന്നിട്ടും നമ്മുടെ കമെന്റ് മന്‍ഗാമികളെക്കാള്‍ നാം ഒരുപാട് ഭാഗ്യവാന്മാരെന്നാണ്...! കഷ്ടം..! നമുക്കു ലഭിച്ചത് അവര്‍ക്കു ലഭിച്ചില്ലെങ്കിലും അവര്‍ക്കു ലഭിച്ചത് നമുക്കു ലഭിച്ചാല്‍ മതിയായിരുന്നുവെന്നല്ലേ പറയേണ്ടിയിരുന്നത്...?
എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാന്‍ കഴിയാതിരിക്കുന്നതാണ് ആദ്യമേ ഒന്നുമില്ലാതിരിക്കുന്നതിനെക്കാള്‍ കഷ്ടം. ശതകോടീശ്വരന്മാരില്‍ പലര്‍ക്കും വന്നുപെട്ട ദുരന്തം അതാണ്. ഇഷ്ടമുള്ളത് കഴിക്കാന്‍ അവര്‍ക്കു യോഗമില്ല. ഇഷ്ടമുള്ള മെത്തയില്‍ അന്തിയുറങ്ങാന്‍ വിലക്കുകള്‍.. ഇഷ്ടമുള്ളിടത്തേക്കു സഞ്ചരിക്കുമ്പോഴേക്കും പലവിധ ശാരീരികപ്രശ്‌നങ്ങള്‍..! പണ്ട് പണിമില്ലാത്തതിനാല്‍ കഴിക്കാന്‍ കഴിഞ്ഞില്ല. പണം ഉണ്ടായപ്പോള്‍ കഴിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നു. ഇതിലും വലിയ ഭാഗ്യക്കേട് മറ്റെന്താണുള്ളത്...?
ഉള്ളപ്പോള്‍ വിലയറിയാത്തതും നഷ്ടപ്പെടുമ്പോള്‍ വിലയറിയുന്നതുമായ കാര്യങ്ങളില്‍ പ്രധാനമാണ് ആരോഗ്യം. നഷ്ടപ്പെട്ടശേഷം വില തിരിച്ചറിഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഉള്ളപ്പോഴാണ് അതിന്റെ വില മനസിലാക്കേണ്ടതും സക്രിയമായ കാര്യങ്ങളില്‍ മാത്രം അതിനെ വിനിയോഗിക്കേണ്ടതും.
മൂലധനമാണ് ആരോഗ്യം. മൂലധനമില്ലാതെ കച്ചവടത്തിനിറങ്ങാനാവില്ല. ഒരഞ്ചുപൈസ പോലും ലാഭമായി ലഭിക്കില്ല. നമ്മുടെ ഏതനക്കത്തിനും അടക്കത്തിനും ആരോഗ്യമെന്ന മൂലധനം അനിവാര്യമാണ്. ലാഭം കുറഞ്ഞാല്‍ ലാഭക്കമ്മി എന്നു പറയാം, നഷ്ടക്കച്ചവടം എന്നു പറയാന്‍ പറ്റില്ല. മൂലധനത്തില്‍ ഇടിവു വരുമ്പോഴാണ് നഷ്ടക്കച്ചവടം എന്നു പറയുക.
പതിനായിരം രൂപകൊണ്ട് തുടങ്ങിയ കച്ചവടം നിത്യവും ഇരുപതിനായിരം രൂപ ലാഭമുണ്ടാക്കിത്തരുന്നുവെന്നു കരുതുക. നിത്യവും അയാള്‍ക്ക് പതിനായിരം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നു പറയാം. ഇനിയൊരു ദിവസം എണ്ണായിരം രൂപ മാത്രമേ ലാഭം കിട്ടിയുള്ളുവെങ്കില്‍ അയാള്‍ക്ക് നഷ്ടം സംഭവിച്ചു എന്നു പറയാനാകില്ല. ലാഭം കുറഞ്ഞു എന്നേ പറയാനാകൂ. ഇനി ഒരു ദിവസം അഞ്ചുരൂപ പോലും ലാഭം കിട്ടിയില്ലെങ്കിലും അന്ന് നഷ്ടമാണെന്നു പറയാവതല്ല. നേരെ മറിച്ച്, ലാഭം കിട്ടിയില്ലെന്നു മാത്രമല്ല, രണ്ടായിരം രൂപ കീശയില്‍നിന്നു എടുത്തുകൊടുക്കേണ്ടി വരികയും ചെയ്താല്‍ അതു നഷ്ടക്കച്ചവടമാണ്. കാരണം, മൂലധനത്തില്‍നിന്നാണതു പോകുന്നത്. വേണ്ടത്ര സുഖസൗകര്യങ്ങള്‍ ലഭിച്ചില്ലെങ്കിലും ആരോഗ്യം കേടുകൂടാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സങ്കടപ്പെടാനില്ല. നേരെ മറിച്ച്, മോഹിച്ചതെല്ലാം ലഭിച്ചു. പക്ഷേ, ആരോഗ്യം നഷ്ടപ്പെട്ടെങ്കില്‍ അത് നഷ്ടമാണ്. മക്കള്‍ക്കുവേണ്ടിയാണ് അധ്വാനിക്കുന്നതു മുഴുവന്‍. പക്ഷേ, അതനുഭവിക്കുമ്പോഴേക്കും മക്കളില്ലാതായാലോ..? സമ്പാദിക്കുന്നതു മുഴുവന്‍ അനുഭവിക്കാന്‍ ആരോഗ്യം വേണം. ആരോഗ്യം നശിപ്പിച്ച് സമ്പാദിച്ചാല്‍ അവസാനം സമ്പാദ്യം മുഴുവന്‍ ആരോഗ്യവീണ്ടെടുപ്പിനു ചെലവാക്കേണ്ടിവരും. അതിലും ഭേദം ഒന്നും സമ്പാദിക്കാതിരിക്കലല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."