രക്ഷകരായ യുവാക്കള്‍ക്ക് നാടിന്റെ ആദരം
എരുമപ്പെട്ടി: പ്രളയത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ആറ് പേരെ രക്ഷപ്പെടുത്തിയ യുവാക്കള്‍ക്ക് നാടിന്റെ ആദരം. എരുമപ്പെട്ടി മുട്ടിക്കല്‍, കുണ്ടന്നൂര്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ബിബിന്‍ ലാല്‍, ലെബിന്‍, വിജയന്‍, ലിന്റോ സുന്ദരന്‍ എന്നിവരെയാണ് എരുമപ്പെട്ടി പഞ്ചായത്ത് ആദരിച്ചത്.
പ്രളയത്തിലകപ്പെട്ട കുണ്ടന്നൂര്‍ വെട്ടിക്കല്‍ പാലത്തിന് സമീപമുള്ള പറമ്പില്‍ പന്നിഫാം നടത്തുന്ന മുരളിയെന്ന മധ്യവയസ്‌കനെയാണ് ഇവര്‍ ആദ്യം രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ട് മതിലില്‍ പിടിച്ച് കിടന്നിരുന്ന മുരളിയുടെ സമീപത്തേക്ക് നീന്തിയെത്തിയാണ് ഇവര്‍ സാഹസികമായി രക്ഷപ്പെടുത്തിയത്. ഒഴുക്കിന്റെ ശക്തിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഫയര്‍ഫോഴ്‌സ് വിസമ്മതിച്ചപ്പോഴാണ് യുവാക്കള്‍ രക്ഷാദൗത്യം ഏറ്റെടുത്തത്.
മുട്ടിക്കല്‍ പാലത്തിന് സമീപം വെള്ളത്തിലകപ്പെട്ട കുടുംബത്തിലെ കുട്ടികളും വയോധികയും ഉള്‍പ്പടെയുള്ള അഞ്ച് പേരേയും ഇവര്‍ രക്ഷപ്പെടുത്തി.
പാലത്തിന് മുകളിലൂടെ കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടം കെട്ടി ഒഴുക്ക് മുറിച്ച് കടന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മേലൂട്ടയില്‍ സുരേഷ്‌കുമാറിനും കുടുംബാംഗങ്ങള്‍ക്കുമാണ് ഇവരുടെ ധീരതയില്‍ ജീവന്‍ തിരിച്ച് കിട്ടിയത്.
ചടങ്ങില്‍ പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ യുവാക്കളെ പൊന്നാടയണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."