ദുരിതാശ്വാസ ക്യാംപിലെത്തിയ കാന്‍സര്‍ രോഗിക്ക് സംരക്ഷണവുമായി മഹല്ല് കമ്മിറ്റി
പാവറട്ടി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് പുതുമനശ്ശേരി നൂറുല്‍ ഹുദാ മദ്‌റസയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കാന്‍സര്‍ രോഗിയായ അഷറഫിനെ ഇനി പുതുമനശ്ശേരി മഹല്ല് കമ്മിറ്റി സംരക്ഷിക്കും. ക്യാംപിലുണ്ടായിരുന്ന 226 പേരില്‍ 224 പേരും തിരിച്ചു പോയപ്പോള്‍ താമസിച്ചിരുന്ന വാടക വീട് പ്രളയത്തില്‍ തകര്‍ന്നു വീണത് ഇവരുടെ മടക്കം ചോദ്യചിഹ്നമാക്കി. കാളാനി നാലകത്ത് അഷറഫും ഭാര്യ റസിയയും ആകെ ഉണ്ടായിരുന്ന രണ്ടേകാല്‍ സെന്റ് സ്ഥലത്തു കൊച്ചു വീട്ടിലായിരുന്നു താമസം.
മകളുടെ കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട കട ബാധ്യത കാരണം സ്ഥലവും വീടും വില്‍പന നടത്തിയിരുന്നു. തുടര്‍ന്ന് വാടക വീടും തകര്‍ന്നതോടെ പെരുവഴിയിലായ അഷറഫിനെയും ഭാര്യയെയും പുതുമനശേരി മഹല്ല് ഭാരവാഹികള്‍ മഹല്ലിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി.
വായയില്‍ കാന്‍സര്‍ ബാധിച്ച അഷറഫ് (46) അമല മെഡിക്കല്‍ കോളജില്‍ ഒരു ശസ്ത്രക്രിയയും ഗവ. മെഡിക്കല്‍ കേളജില്‍ രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞ് തീര്‍ത്തും അവശനാണ്. 25 റേഡിയേഷന്‍ നടത്തണമെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. അഞ്ചെണ്ണം മാത്രമേ ചെയ്തിട്ടുള്ളു. തുടര്‍ ചികിത്സക്കുള്ള പണം കണ്ടെത്തേണ്ടതിനടയില്‍ തല ചായ്ക്കാനുള്ള സൗകര്യം കൂടി നഷ്ടപ്പെട്ടതോടെ പകച്ചു നിന്ന അഷറഫിനും ഭാര്യക്കും കൈത്താങ്ങായാണ് മഹല്ല് കമ്മിറ്റി ഇവരെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."