പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി; പ്രതീക്ഷയോടെ മാതൃ-ശിശു കേന്ദ്രം
പെരിന്തല്‍മണ്ണ: നഗരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു ട്രോമാകെയറിന്റെയും ആധുനിക ഐ.സിയുവിന്റേയും കുറവ് നിരവധി ജീവനുകളെ രക്ഷിക്കുന്നതില്‍നിന്ന് ജില്ലാ ആശുപത്രിയെ പിറകോട്ടടിക്കുന്നു.
പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളുടെ പ്രവേശനകവാടമായ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് അധികവാഹനാപകടങ്ങളും തുടര്‍ ചികിത്സയ്ക്കായെത്തുന്നത്. ചികിത്സാചെലവുകള്‍ പ്രയാസമാവുന്ന ഇക്കാലത്ത് സര്‍ക്കാര്‍ ചെലവില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു അത്യാഹിത വിഭാഗം ഒരുക്കാന്‍ ജില്ലാ ആശുപത്രിക്കായിട്ടില്ല.
നിലവില്‍ 68 ലക്ഷം രൂപ ചെലവഴിച്ച് അത്യാഹിത വിഭാഗം നവീകരിച്ചെങ്കിലും ഇതില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. ഒ.പിയില്‍ ഇരിക്കുന്ന ഏതെങ്കിലും ഒരു ഡോക്ടര്‍ മാത്രമാണിവിടെയുണ്ടാവുക. അതുതന്നെ ഉച്ചവരെ മാത്രം.
ദേശീയപാതയിലുള്ള ആശുപത്രികള്‍ക്ക് ട്രോമാകെയര്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടെങ്കിലും പെരിന്തല്‍മണ്ണയില്‍ നടപ്പായിട്ടില്ല. ശസ്ത്രക്രിയക്കുശേഷമോ മറ്റോ രോഗികളെ ചികിത്സിക്കാനുള്ള ഐ.സി.യു, അതിലേക്കാവശ്യമായ ഡോക്ടര്‍മാര്‍ എന്നിവയും ഇവിടെയില്ല.
അപകടമരണങ്ങള്‍ എത്തുന്ന ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഫോറന്‍സിക് സര്‍ജന്റെ അഭാവവും മോര്‍ച്ചറി ടെക്നീഷ്യന്മാരുടെ കുറവും പ്രയാസപ്പെടുത്തുന്നു. ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്താനും സൂക്ഷിക്കാനുമുള്ള സൗകര്യം ഇവിടെ ഉണ്ട്. മതാചാരപ്രകാരം മൃതദേഹം ഒരുക്കാനുള്ള സൗകര്യവും ഇവിടെയുണ്ടെങ്കിലും മെഡിക്കല്‍ റെക്കാര്‍ഡ് സൂക്ഷിപ്പുകാരനില്ലാത്തത് പലപ്പോഴും മരണപ്പെട്ടയാളുടെ വിവരം ലഭ്യമാവുന്നതിനും തുടര്‍ നടപടികള്‍ക്കും പ്രയാസമായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞവര്‍ഷം ആശുപത്രിക്ക് അഭിമുഖമായി തുടങ്ങിയ കെട്ടിടത്തില്‍ ആരംഭിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം പ്രതീക്ഷയേകുന്നതാണ്. പുതിയ കെട്ടിടത്തില്‍ തിയേറ്റര്‍ കോംപ്ലക്സ് തുറന്നിട്ടുണ്ട്. ജില്ലാപഞ്ചായത്ത് അരലക്ഷത്തോളം രൂപ ചെലവഴിച്ച് സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം, ഓപറേഷന് ടേബിളുകള്‍, ഓട്ടോക്ലേവ്, ശീതീകരണ സംവിധാനം, ഡബിള്ഡ്യൂം ഓപറേഷന് ലൈറ്റുകള്‍, അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്, തുടങ്ങിയവ ഒരുക്കിയാണ് നാല് തിയേറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്.
എന്നാല്‍, ജീവനക്കാരുടെ കുറവ് അവിടെയും വിലങ്ങായിട്ടുണ്ട്. രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന മാതൃശിശു കേന്ദ്രത്തിലും വികസനങ്ങള്‍ക്ക് സാങ്കേതിക കുരുക്ക് തന്നെയാണ്. 40 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതില്‍ കെട്ടി മുറ്റം ഇന്റര്‍ലോക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ വിളിച്ച് പ്രവൃത്തി തുടങ്ങിയെങ്കിലും ദേശീയപാത അധികൃതര്‍ സാങ്കേതിക പ്രശ്നങ്ങള്‍ നിരത്തി പദ്ധതി നീട്ടിക്കൊണ്ടുപോവുകയാണ്.
ദേശീയപാതയ്ക്ക് സമീപം മരം ആശുപത്രിയുടെ മതിലിനോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. ഇത് ലേലം ചെയ്യാന്‍ ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും നടപടിയുണ്ടായില്ല. ഇതാണ്ചുറ്റുമതില് പണി മുടക്കിയിരിക്കുന്നത്.
ദേശീയപാതയിലെ ഉദ്യോഗസ്ഥ അനാസ്ഥയാണ് ഇതിന് കാരണം. എം.പി ഫണ്ടിലെ 10 ലക്ഷം രൂപ ചെലവഴിച്ച് ഫാര്‍മസിക്ക് മുന്നില്‍ കാത്തിരുപ്പുകേന്ദ്രം നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."