നിരീക്ഷണ കാമറയില്‍ 23 ബൂത്തുകള്‍; മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കും
കല്‍പ്പറ്റ: പോളിങ് ബൂത്തുകളില്‍ മൂന്നാം കണ്ണൊരുക്കി കേരള ഐ.ടി മിഷന്‍. ജില്ലയിലെ 23 പ്രശ്‌നബാധിത ബൂത്തുകളിലാണ് അക്ഷയ സംരംഭകരുടെ സഹായത്തോടെ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയത്. ബത്തേരി നിയോജകമണ്ഡലത്തില്‍ മൂന്നും കല്‍പ്പറ്റയില്‍ ഏഴും മാനന്തവാടിയില്‍ 13 ബൂത്തുകളിലാണ് വോട്ടെടുപ്പ് പ്രക്രിയകള്‍ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിച്ചത്.
വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നത് വരെയുളള ദൃശ്യങ്ങള്‍ ശേഖരിക്കുന്ന രീതിയിലാണ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് ദിവസത്തെ ട്രയലിന് ശേഷമാണ് ബൂത്തുകളില്‍ അക്ഷയ സംരംഭകരുടെ മേല്‍നോട്ടത്തില്‍ വെബ്കാസ്റ്റിങ് നടത്തിയത്. ഇവര്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് ജില്ലാ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരുമുണ്ടായിരുന്നു.
ശേഖരിക്കുന്ന ദൃശ്യങ്ങള്‍ കെല്‍ട്രോണിന്റെ സെര്‍വറിലാണ് സൂക്ഷിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന പക്ഷം ഡാറ്റ കൈമാറാനും സാധിക്കും. കെല്‍ട്രോണിലെ പരിശീലകര്‍ അക്ഷയ സംരംഭകര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനവും നല്‍കിയിരുന്നു. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ എന്നിവയുടെ സഹകരണവും ലഭിച്ചു.
പോളിങ് ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കലക്‌ട്രേറ്റില്‍ പ്രത്യേകം സെല്ലും സജ്ജമാക്കിയിട്ടുണ്ട്. അക്ഷയ ജില്ലാ പ്രോജക്ട് മാനേജരായ നിവേദിന്റെ നേതൃത്വത്തിലുളള പത്തോളം ജീവനക്കാരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. നാല് പ്രോജക്ടറും പത്തോളം ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെ ഒരുക്കിയിരുന്നത്. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഇടവേളകളില്‍ സെല്‍ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."