80% റെക്കോര്‍ഡ് പോളിങ്
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിങില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് വയനാട് മണ്ഡലം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലം പോളിങിലും റെക്കോര്‍ഡ് സൃഷ്ടിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.29 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. ഇത്തവണ അത് അവസാനം ലഭ്യമായ കണക്കനുസരിച്ച് ശതമാനത്തിലാണ് 80.06 എത്തിനില്‍ക്കുന്നത്. അപൂതപൂര്‍വമായ വര്‍ധനയാണ് പോളിംഗില്‍ ഇത്തവണ മണ്ഡലത്തില്‍ ഉണ്ടായത്. സ്ത്രീ വോട്ടര്‍മാരില്‍ 81.73 ശതമാനം സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ 78.37 ശതമാനം പുരുഷ വോട്ടര്‍മാരാണ് ജനാധിപത്യത്തിന് കരുത്തായത്. 2014ല്‍ 1247326 വോട്ടര്‍മാരില്‍ 914226 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇത്തവണ 1357819 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. അതില്‍ 1087186 വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ചു.
ഇതില്‍ എടുത്ത് പറയേണ്ടത് നിയോജക മണ്ഡലം തിരിച്ചുള്ള കണക്കുകളില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും നടത്തിയ കുതിപ്പാണ്. മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം ഉയര്‍ന്നെങ്കിലും വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് പോളിംഗ് ശതമാനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കല്‍പ്പറ്റയില്‍ 2014ല്‍ 72.53 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് 80.71ലെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ 8.18 ശതമാനത്തിന്റെ വര്‍ധനയാണ് ഇവിടെയുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയില്‍ 2014ല്‍ 71.32 ആയിരുന്നു പോളിംഗ്. ഇത്തവണ അത് 81.91 ആയി ഉയര്‍ന്നു. 10.59 വോട്ടിന്റെ വര്‍ധനവാണ് 2014നെ അപേക്ഷിച്ച് ഇത്തവണ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലുണ്ടായത്. മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധനയും സുല്‍ത്താന്‍ ബത്തേരിയിലാണുണ്ടായത്. മാനന്തവാടിയില്‍ 2014ല്‍ 72.13 ആയിരുന്നു പോളിങ്. ഇത്തവണ അത് 81.54 ആയി ഉയര്‍ന്നു. 9.41 ശതമാനമാണ് ഇവിടെ വോട്ടിംഗിലുണ്ടായ വര്‍ധന.
തിരുവമ്പാടിയില്‍ 75.33 ആയിരുന്നു 2014 ലെ പോളിംഗ് എങ്കില്‍ ഇത്തവണ അത് 80.68ആയി ഉയര്‍ന്നു. ഇവിടെയും 5.35 ശതമാനത്തിന്റെ വര്‍ധനയാണ് വോട്ടിംഗില്‍ ഉണ്ടായത്. ഏറനാട് മണ്ഡലത്തില്‍ 2014ല്‍ 78.08എന്നത് ഇത്തവണ 81.03 ആയി ഉയര്‍ന്നു. ഇവിടെയും 2.95 ശതമാനം വര്‍ധനയുണ്ടായി. നിലമ്പൂരില്‍ 72.83 ആയിരുന്നു 2014ലെ പോളിംഗ് ശതമാനം. ഇത്തവണ അത് 77.52 ആയി ഉയര്‍ന്നു.
ഇവിടെ 4.69 ശതമാനമാണ് ഇത്തവണത്തെ വോട്ട് വര്‍ധന. വണ്ടൂരില്‍ 2014ല്‍ 72.3 ആയിരുന്നു പോളിംഗ്. ഇത്തവണ അത് 77.57ല്‍ എത്തി. ഇവിടെയും 5.27- ശതമാനം വര്‍ധനയാണുണ്ടായത്. മൊത്തത്തില്‍ 2014നെ അപേക്ഷിച്ച് 6.77 ശതമാനം വോട്ടിന്റെ വര്‍ധനയാണ് അവസാന കണക്ക് ലഭിക്കുമ്പോള്‍ വയനാട് മണ്ഡലത്തില്‍ പോള്‍ ചെയ്തത്. രാത്രി വൈകി 9.30 വരെയുള്ള കണക്കുകളാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."