സഊദിയിൽ എഞ്ചിനീയർ മേഖലയിലും സ്വദേശിവത്കരണം; 20 ശതമാനം സ്വദേശികൾ വേണമെന്ന് മന്ത്രാലയം
റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ എഞ്ചിനീയറിങ് ജോലിയിലും സഊദി വത്കരണം പ്രഖ്യാപിച്ചു. ഈ മേഖലയിൽ ഇരുപത് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന വിജ്ഞാപനത്തിൽ സഊദി മാനവശേഷി സാമൂഹിക ക്ഷേമ മന്ത്രി അഹമദ് അല്‍റാജ്ഹി ഒപ്പുവെച്ചു. വിവിധ ഗവൺമെൻറ് വകുപ്പുകളുടെ പങ്കാളിത്തത്തിലും സഹകരണത്തിലും മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണ പ്രക്രിയകളുടെ തുടർച്ചയാണ് പുതിയ തീരുമാനം. എഞ്ചിനീയറിങ് പ്രൊഫഷനുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്. നിരവധി സഊദി വിദ്യാര്‍ഥികള്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയാണെന്നും അവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 5500 സഊദിഎഞ്ചിനീയർമാർ തൊഴിൽ അന്വേഷിക്കുകയാണെന്നാണ് കണക്കുകൾ.
സ്വകാര്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിങ് ജോലികൾ 20 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം മുഖേന സ്വദേശികൾക്ക് 7000 ത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി. ഇങ്ങനെ നിയമിക്കുന്ന സഊദി എഞ്ചീനീയര്‍മാര്‍ക്ക് ഏഴായിരം റിയാല്‍ ആണ് കുറഞ്ഞ ശമ്പളം നല്‍കേണ്ടത്. ആദ്യഘട്ടത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സുപ്രധാന എഞ്ചിനീയറിങ് ജോലികളിലാണ് തീരുമാനം നടപ്പാക്കുക. സ്വദേശികൾക്ക് എഞ്ചിനീയറിങ് രംഗത്തെ സുപ്രധാന മേഖലകളിൽ തൊഴിലവസരങ്ങൾ നേടാൻ സാധിക്കന്നതോടൊപ്പം ഈ മേഖലയിൽ തൊഴിലെടുക്കുന്ന നിരവധി വിദേശികൾക്ക് തൊഴിൽ നഷ്‌ടമാകുകയും ചെയ്യും.
ഇലക്ട്രിക്കൽ എഞ്ചിനീയർ, അഗ്രികൾച്ചറൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ, ജിയോളജിക്കൽ എഞ്ചിനീയർ, ഏവിയേഷൻ എഞ്ചിനീയർ, ഓയിൽ എഞ്ചിനീയർ, മൈൻസ് എഞ്ചിനീയർ, മിലിറ്ററി എയർ ക്രാഫ്റ്റ് എഞ്ചിനീയർ, മറ്റു സ്പെഷ്യൽ വിഭാഗങ്ങൾ എന്നിവയാണു പ്രധാനമായും സഊദി വൽക്കരണത്തിൽ ലക്ഷ്യമാക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ സഊദിവത്കരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."