മക്കയില്‍ മരിച്ച കടലുണ്ടി സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി
കോഴിക്കോട്: മക്കയിലെ താമസകേന്ദ്രത്തില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ച ഹജ്ജ് തീര്‍ഥാടകന്‍ ബഷീര്‍ കടലുണ്ടിയുടെ മൃതദേഹം ഇന്നലെ രാത്രി മക്കയില്‍ ഖബറടക്കി. ഹറമില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷമാണ് മൃതദേഹം ഖബറടക്കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ജെ.ഡി.ടി ഇസ്‌ലാം സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ബഷീര്‍ കടലുണ്ടി ഓഗസ്റ്റ് 11നാണ് അസീസിയയിലെ 300ാം നമ്പര്‍ താമസ കേന്ദ്രത്തില്‍ ലിഫ്റ്റ് ചേംബറിനുള്ളില്‍ വീണ് മരിച്ചത്. ചവിട്ടുനിലയില്ലാതെ പ്രവര്‍ത്തിച്ച ലിഫ്റ്റില്‍ കയറി താഴേക്ക് വീഴുകയായിരുന്നു.
കെട്ടിട അധികൃതരുടെ അനാസ്ഥ കാരണമാണ് ദാരുണ അപകടം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന് പത്തു മണിക്കൂര്‍ പിന്നിട്ടായിരുന്നു. അപകട കേസായതിനാലാണ് ഖബറടക്കം വൈകിയത്. ഭാര്യ സാജിതയോടൊപ്പമാണ് ബഷീര്‍ മാസ്റ്റര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. കടലുണ്ടി മഹല്ലിലെ മയ്യിത്ത് നിസ്‌കാരം നാളെ വൈകിട്ട് നാലിന് കടലുണ്ടി സലഫി ജുമാ മസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."