അനധികൃത മണലൂറ്റിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നു
സമര പ്രഖ്യാപനവുമായി സംയുക്ത മത്സ്യത്തൊഴിലാളി സംഘം
തൃക്കരിപ്പൂര്‍: മാവിലാക്കടപ്പുറം പുലിമുട്ട് പരിസരത്തു നടക്കുന്ന അനധികൃത മണലെടുപ്പിനെതിരേ പ്രതിഷേധം ശക്തമാകുന്നു. മണലെടുപ്പിനെതിരേ ഈ മാസം 30ന് ജനകീയ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് സമരപ്രഖ്യാപനം നടത്താന്‍ മാവിലാക്കടപ്പുറം സംയുക്ത മത്സ്യത്തൊഴിലാളി സംഘം തീരുമാനിച്ചു. കണ്‍വന്‍ഷനു പഞ്ചായത്ത് ഭരണ സമിതി പിന്തുണ നല്‍കിയിട്ടുണ്ട്.
ഒരു നിയന്ത്രണവുമില്ലാതെ രാപ്പകല്‍ വ്യത്യാസമില്ലാതെ നൂറുക്കണക്കിനു വള്ളങ്ങളിലായി മണലെടുക്കുന്നതിനെതിരേ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തുകയും മണലെടുപ്പു തടയുകയും ചെയ്തിരുന്നു. മണലെടുപ്പു തൊഴിലാളികളും എതിര്‍പ്പുമായി രംഗത്തുവന്നതോടെ കാഞ്ഞങ്ങാട് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍, മത്സ്യതൊഴിലാളികള്‍, മണലെടുപ്പ് തൊഴിലാളികള്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ നിയമം അനുസരിച്ച് പരമ്പരാഗത രീതിയില്‍ നിശ്ചിത അകലം പാലിച്ചു മണലെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനങ്ങളെ പാടെ അവഗണിച്ചു വലിയപറമ്പ് ദ്വീപിന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ മണലെടുപ്പു തുടര്‍ന്നതോടെയാണു നാട്ടുകാര്‍ വീണ്ടും രംഗത്തുവന്നത്.
24 കിലോമീറ്റര്‍ നീളത്തില്‍ കടലിനാലും കായലിനാലും ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപില്‍ 30 മുതല്‍ 150 മീറ്റര്‍ വരെയാണ് വീതിയുള്ളത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ വലിയപറമ്പില്‍ മണലെടുപ്പ് കുടിവെള്ളം മുട്ടിക്കുകയും ഓരിമുക്ക് പാലത്തിനു ഭീഷണിയും നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
പരമ്പരാഗത രീതിയില്‍ കൈക്കോട്ടും ബക്കറ്റും ഉപയോഗിച്ചു മണലെടുക്കാനുള്ള തീരുമാനം പാടെ അവഗണിച്ചു കൊല്ലിവലയും യന്ത്രവള്ളവും ഉപയോഗിച്ച് നിശ്ചിത അകലം പാലിക്കാതെയാണ് നിലവില്‍ മണലെടുപ്പ് തുടരുന്നത്.
മാവിലാക്കടപ്പുറം എം.എ.യു.പി സ്‌കൂളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.പി കോരന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.വി ഉത്തമന്‍, പഞ്ചായത്ത് അംഗങ്ങളായ ഒരിയര മാധവന്‍, സുമാക്കണ്ണന്‍, എം.കെ.എം അബ്ദുല്‍ ഖാദിര്‍ പ്രസംഗിച്ചു. കെ മുസ്തഫ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."