ആനത്താരയിലെ കെട്ടിടങ്ങള്‍; മസിനഗുടിയില്‍ 10 റിസോര്‍ട്ടുകള്‍ക്ക് കൂടി സീല്‍ വെക്കും
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ അനധികൃത കെട്ടിടങ്ങള്ക്കെതിരേയുള്ള നടപടി തുടരുന്നു.
സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് മതിയായ രേഖകള്‍ ഹാജരാക്കാത്ത 10 റിസോര്‍ട്ടുകള്‍ കൂടി ഇന്ന് പൂട്ടിക്കും. മുതുമല കടുവാ സങ്കേതത്തോട് ചേര്‍ന്ന പൊക്കാപുരം, മസിനഗുടി, വാഴത്തോട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ആനത്താരകളില്‍ ഉള്‍പ്പെടുത്തണമെന്നും ആ പ്രദേശങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തികള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രിംകോടതി ആനത്താരകളിലുള്ള കെട്ടിടങ്ങളുടെ കണക്ക് ബോധിപ്പിക്കാന്‍ നീലഗിരി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
821 കെട്ടിടങ്ങളുടെ കണക്കാണ് ജില്ലാ ഭരണകൂടം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ രേഖകള്‍ കൃത്യമായി ഹാജരാക്കാത്ത 39 കെട്ടിടങ്ങള്‍ സീല്‍വെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ ഉള്‍പെട്ട 12 കെട്ടിടഉടമകള്‍ രേഖകള്‍ കാണിച്ച് നടപടിയില്‍ നിന്ന് ഒഴിവായി.
ബാക്കിയുള്ള 27 കെട്ടിടങ്ങള്‍ അധികൃതര്‍ സീല്‍ വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയില്‍ നിന്ന് ഒഴിവായ 12 കെട്ടിട ഉടമകളില്‍ 10 പേര്‍ക്ക് ഇനിയും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സമയ പരിധി കഴിഞ്ഞതോടെ ഉടമകള്‍ക്ക് അധികൃതര്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."