ഉയര്‍ന്ന പോളിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍
കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിങ്ങില്‍ പ്രതീക്ഷവച്ച് ഇടത്, വലത് മുന്നണികള്‍. ട്വന്റി ട്വന്റി ഉള്‍പ്പെടുന്ന കുന്നത്തുനാട്ടിലെ ഉയര്‍ന്ന പോളിങ് ചാലക്കുടിയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ട്വന്റി ട്വന്റിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബെന്നിബെഹനാനും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യവും യാക്കോബായ സഭയുടെ പിന്തുണയുമാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നത്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ കഴിഞ്ഞ തവണ ഇന്നസെന്റ് ഭൂരിപക്ഷം നേടിയിരുന്നതും ഇടതുമുന്നണിക്ക് ആശക്ക് വകനല്‍കുന്നുണ്ട്.
എന്നാല്‍ പരമ്പരാഗതമായി കുന്നത്തുനാട് യു.ഡി.എഫ് മണ്ഡലമാണ് എന്നതാണ് കേണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. ഉയര്‍ന്ന പോളിങ്ങ് അതിനാല്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കുന്നത്തുനാടിന് പിന്നാലെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ആലുവയിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന പോളിങ് നടന്നിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആലുവയില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. ഇടതുമുന്നണിക്ക് കഴിഞ്ഞതവണ മുന്നേറ്റം നേടിക്കൊടുത്ത കയ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ പോളിങ് വിജയത്തിന് വഴിവെക്കുമെന്ന പ്രതീക്ഷയിലാണ് ഇടത്ക്യാംപ്.
എറണാകുളം മണ്ഡലത്തിലെ കനത്ത പോളിങ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളാണ് നല്‍കിയിട്ടുള്ളത്. കെ.വി തോമസിനെ അവസാന നിമിഷം മാറ്റി നിര്‍ത്തിയതും പി രാജീവിന്റെ വ്യക്തിപ്രഭാവവും എം.പി എന്ന നിലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും മറികടന്ന് മികച്ച ഭൂരിപക്ഷം ലഭിക്കാന്‍ ഉയര്‍ന്ന പോളിങ്ങിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ ഒരു മണ്ഡലത്തിലും മുന്നിലെത്താന്‍ ഇടതുമുന്നണിക്കായിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍ എന്നിവ പിടിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."