റിമാന്‍ഡ് പ്രതി രണ്ടാം തവണയും കൊവിഡ് കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതി രണ്ടാം തവണയും കൊവിഡ് കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയി. കാസര്‍കോട് കൂളിക്കുന്ന് മാങ്ങാട് എന്‍.സി ഹൗസില്‍ റംസാന് (22) ആണ് വീണ്ടും ചാടിപ്പോയത്. അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇയാള്‍ പ്രഭാതഭക്ഷണ സമയത്ത് കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ഉച്ചഭക്ഷണം നല്കുന്ന സമയത്താണ് റംസാനെ കാണാതായതെന്നു ചക്കരക്കല്‍ പൊലിസ് അറിയിച്ചു.
മോഷണക്കേസില്‍ വളപട്ടണം പൊലിസ് അറസ്റ്റുചെയ്ത റംസാനെ തോട്ടടയിലെ ഗവ. പോളിടെക്നിക്കിലെ കൊവിഡ് ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് ആദ്യം രക്ഷപ്പെട്ടത്. പൊലിസ് ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
രഹസ്യവിവരത്തെ തുടര്‍ന്നു ചെമ്മനാട് പാലത്തിനു സമീപം വച്ച് 18നു രാത്രിയാണു റംസാനെ കാസര്‍കോട് പൊലിസ് പിടികൂടിയത്. എടക്കാട് പൊലിസിനു കൈമാറിയ റംസാനെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടതിനു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനു പിന്നാലെ പരിശോധനയ്ക്കു ശേഷം വീണ്ടും ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണു റംസാനെ അഞ്ചരക്കണ്ടിയിലേക്കു മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."