വോട്ടിങ് സമാധാനപരം, എല്ലാ ബൂത്തിലും നീണ്ടനിര, കനത്ത പോളിങ്
ഈരാറ്റുപേട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തിടനാട്, പൂഞ്ഞാര്‍ തെക്കേകര, പൂഞ്ഞാര്‍, തീക്കോയി, പാലാ മണ്ഡലത്തില്‍പ്പെട്ട തലപ്പുലം, തലനാട്, മേലുകാവ്, മൂന്നിലവ് ഭരണങ്ങാനം എന്നീ പ്രദേശങ്ങളില്‍ വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ട നിര കാണാമയിരുന്നു.
രാവിലെ എഴ് മണിക്ക് തന്നെ ജനങ്ങള്‍ ബൂത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്നു. ഉച്ചക്ക് തന്നെ 40 ശതമാനത്തിനു മുകളിലായിരുന്നു പലബൂത്തുകളിലും വോട്ടിങ് ശതമാനം പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്ലാ ബൂത്തുകളിലും സമാധാന അന്തരീക്ഷമായിരുന്നു.
ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബൂത്തില്‍ കനത്ത പൊലിസ് കാവല്‍ ഉണ്ടായിരുന്നു. കൂടാതെ കേന്ദ്ര സേനയെയും നിര്‍ത്തിയിരുന്നു. ബൂത്തുകളില്‍ വോട്ടിങ്ങിന് പതിവിലും താമസം നേരിട്ടു. വിവി പാറ്റ് മെഷീനിലെ റിസള്‍ട്ടു കൂടി ഓരോ വോട്ടര്‍മാരും വീക്ഷിച്ച ശേഷം ബൂത്ത് വിടുന്നതിനാല്‍ വോട്ടിങ്ങിനു താമസം നേരിട്ടു.
പരമാവധി വോട്ടര്‍മാരെ വോട്ടു ചെയ്യിക്കാനായി മുന്നണി പ്രവര്‍ത്തകര്‍ നെട്ടോട്ടത്തിലായിരുന്നു. വൈകുന്നേരം അഞ്ചു മണിക്കു ശേഷം ഈരാറ്റുപേട്ടയില്‍ കനത്ത മഴ പെയ്തു. ശക്തമായ ഇടിയുടെയും കാറ്റിന്റെയും അകമ്പടിയോടെയുള്ള മഴയുണ്ടായതിനാല്‍ വോട്ടിങ് വൈകി.
അതിനിടെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലും പാലാ നിയോജകമണ്ഡലത്തിലും ഓരോ ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി.
തിടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന 56-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വൈകിയത്. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് ഏഴരയോടെയാണ് വോട്ടിങ് ആരംഭിക്കാനായത്.
പാലാ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തലപ്പലം പഞ്ചായത്തിലെ 67-ാം നമ്പര്‍ ബൂത്തിലും യന്ത്രത്തകരാര്‍ വില്ലനായി. ഇവിടെയും വോട്ടെടുപ്പ് വൈകി. തുടര്‍ന്ന് എട്ട് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."