അപാകതയില്‍ മുങ്ങി വെബ് കാസ്റ്റിങ്
പുതുക്കാട്: നിയോജകമണ്ഡലത്തില്‍ പ്രശ്‌നസാധ്യത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വെബ് കാസ്റ്റിങ് നിരീക്ഷണ സംവിധാനം പാളി. ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടായ തകരാറാണ് നിരീക്ഷണ സംവിധാനം താറുമാറാകാന്‍ കാരണം.
രാവിലെ ആറിന് വെബ് കാസ്റ്റിങ് ആരംഭിച്ചപ്പോള്‍ ജില്ലയിലെ 50 ബൂത്തുകളിലും നിരീക്ഷണം തുടങ്ങാനായില്ല. 9.30ഓടെ 16 ബൂത്തുകളില്‍ നിരീക്ഷണം ആരംഭിച്ചു. എന്നാല്‍ പലയിടത്തും ഇടക്കിടെ ഇന്റര്‍നെറ്റ് ബന്ധം തടസപ്പെടുന്നുണ്ടായിരുന്നു.
കഴിഞ്ഞ രാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ മഴയും പ്രശ്‌നത്തിനു കാരണമായിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. നിരീക്ഷണ ചുമതലയുണ്ടായിരുന്ന അക്ഷയ ജീവനക്കാര്‍ രാവിലെ ആറിനുതന്നെ ബൂത്തുകളിലെത്തിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞെങ്കിലും കണ്‍ട്രോള്‍ റൂറിലെ നിരീക്ഷണത്തിന് അപ്‌ലോഡ് ചെയ്യാനുള്ള ശേഷി ഇന്റര്‍നെറ്റിനില്ലായിരുന്നു. ഇതുമൂലം കണ്‍ട്രോള്‍ റൂമിലിരുന്ന നിരീക്ഷണ സംഘത്തിന് ഓണ്‍ലൈന്‍ വഴി ദൃശ്യങ്ങള്‍ ലഭിച്ചില്ല. തിരുവനന്തപുരം ഐ.ടി മിഷനിലെ സെര്‍വറിനെ കേന്ദ്രീകരിച്ചാണ് എല്ലാ ജില്ലകളിലേയും നിരീക്ഷണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്.
ഇതില്‍ തൃശൂരില്‍ 50 ബൂത്തുകളിലാണ് പ്രശ്‌നസാധ്യത കണക്കാക്കി വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നത്. രാവിലെ പത്തിനു ശേഷവും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ ജില്ലാ കലക്ടര്‍ പ്രശ്‌നസാധ്യത ബൂത്തുകളിലേക്ക് അധികമായി സി.ആര്‍.പി.എഫ്. സേനയെ നിയോഗിച്ചു.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വെബ്കാസ്റ്റിങ് മുടങ്ങിയപ്പോള്‍ പ്രശ്‌നം മറികടക്കാന്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. പ്രശ്‌നസാധ്യത ബൂത്തുകള്‍ നിരീക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന അക്ഷയ പ്രൊജക്ട് ജീവനക്കാരാണ് സ്വന്തം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് പ്രതിസന്ധി തരണം ചെയ്തത്.
കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വെബ് കാസ്റ്റിങ് ഏറെ താമസിച്ചും തുടങ്ങാനായിരുന്നില്ല. രാവിലെ ആറിന് ട്രയല്‍ റണ്‍ ആരംഭിച്ചപ്പോള്‍ 50 പ്രശ്‌നസാധ്യത ബൂത്തുകളില്‍ ഒരിടത്തു നിന്നും ഇന്റര്‍നെറ്റ് ബന്ധം സുഗമമായിരുന്നില്ല.
രാവിലെ 9.30ന് രണ്ടിടത്തും ഉച്ചയോടെ 13 ബൂത്തുകളും മാത്രമാണ് നിരീക്ഷണത്തിനു സാധ്യമായത്. ഈ സമയത്ത് ജീവനക്കാരോട് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വെബ് കാസ്റ്റിങ് നടത്തി നോക്കാന്‍ ജില്ലാ ഇ ഗവേര്‍ണന്‍സ് മാനേജര്‍ രമ്യ ആര്‍. കുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. നിര്‍ദേശം മൊബൈലില്‍ ദൃശ്യങ്ങള്‍ ലഭിച്ചു തുടങ്ങുകയും ചെയ്തതോടെ ജീവനക്കാര്‍ കംപ്യൂട്ടറുകള്‍ വിട്ട് സ്വന്തം മൊബൈലുകളില്‍ നിരീക്ഷണം ആരംഭിച്ചു.
ഉച്ചയ്ക്ക് ഒന്നോടെ കണ്‍ട്രോള്‍ റൂമിലെത്തിയ ബി.എസ്.എന്‍.എല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്‍ട്രോള്‍ റൂമിലെ ഇന്റര്‍നെറ്റ് സംവിധാനത്തിലെ സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഒന്നരയോടെ ഓണ്‍ലൈന്‍ നിരീക്ഷണം പുനരാരംഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."