ഇറാനില്‍ വന്‍ ഭൂചലനം; രണ്ടു മരണം
തെഹ്റാന്: ഇറാനില്‍ ശക്തമായ ഭൂചലനത്തില്‍ രണ്ടു മരണം. 250ലേറെ പേര്‍ക്ക് പരുക്കേറ്റു.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ ഇറാനിലാണ് റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കിര്‍മാന്‍ഷാ പ്രവിശ്യയിലെ ജവാന്റുദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയെയാണു ഭൂചലനം കാര്യമായി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം നൂറുകണക്കിനു പേരുടെ മരണത്തിനിടയാക്കിയ വന്‍ ഭൂകമ്പം നടന്ന പ്രദേശത്തിനടുത്താണിത്. ഇവിടെ 26 കി.മീറ്റര്‍ താഴ്ചയില്‍വരെ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായതായി യു.എസ് ജിയോളജിക്കില് സര്‍വേ അറിയിച്ചു.
സംഭവത്തില്‍ വീടുകള്‍ അടക്കം 500ലേറെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി പ്രവിശ്യാ ഗവര്‍ണര്‍ ഹൗഷാങ് ബസ്വന്ദ് പറഞ്ഞു. ഒരു ഗര്‍ഭിണിയും 70കാരനുമാണു മരിച്ചത്. ഭൂകമ്പത്തെ തുടര്‍ന്നുള്ള ഹൃദയാഘാതം മൂലമാണു വയോധികന്റെ മരണം. 65ലേറെ തവണ തുടര്‍ചലനങ്ങളുമുണ്ടായി.
കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ ഭൂകമ്പത്തില്‍ 620 പേരാണു കൊല്ലപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.3 ആണ് അന്നു തീവ്രത രേഖപ്പെടുത്തിയത്. സംഭവത്തില്‍ 12,000ത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും 30,000ത്തോളം വീടുകള്‍ തകരുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."