ഡല്‍ഹി വംശഹത്യ: അസാധാരണ നടപടിയുമായി പൊലിസ്
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൂന്ന് ജില്ലകളിലെ വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് പൊലിസ്.
എന്നാല്‍, വിവരങ്ങള്‍ കൈമാറാന്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഓഫിസര്‍ വിസമ്മതിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് പൊലിസിന്റെ ഭാഗത്തുനിന്ന് അസാധാരണമായ ഈ നടപടിയുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങളിലെ ആളുകളെ തിരിച്ചറിയാന്‍ വോട്ടര്‍മാരുടെ ഡിജിറ്റല്‍ ഡാറ്റയിലെ ചിത്രങ്ങളും മേല്‍വിലാസവും ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ച് ഡല്‍ഹി പൊലിസ് തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്കിയ കത്ത് ആക്ടിവിസ്റ്റ് സാകേത് ഗോഖ്ലെ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറത്താകുന്നത്. ഇത്തരം വിവരങ്ങള്‍ കൈമാറുന്നത് നയപരമായ നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഓഫിസര്‍ ഈ ആവശ്യം തള്ളുകയായിരുന്നു. ഇതോടെ പൊലിസ് ഇക്കാര്യം തുടര്‍ന്ന് ആവശ്യപ്പെട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഓഫിസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഡ്രൈവിങ് ലൈസന്‍സ് ഡാറ്റാബേസിലെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പിനെയും ഡല്‍ഹി പൊലിസ് സമീപിച്ചിരുന്നു. ഗതാഗത വകുപ്പ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഡല്‍ഹി വംശഹത്യയില്‍ പൊലിസ് മുസ്ലിംകളെ മാത്രം പ്രതികളാക്കി കേസെടുക്കുന്നുവെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."