എസ്.എം.എസ് വഴി സമ്മാനം കിട്ടിയിട്ടുണ്ടെന്നറിയിച്ച് ഒരു കോടി റിയാല്‍ തട്ടിയ ഏഷ്യന്‍ സംഘത്തെ ഖത്തര്‍ പൊലിസ് പിടികൂടി; സംഘം രണ്ടു വര്‍ഷത്തിനിടെ ഉപയോഗിച്ചത് 4000 സിം കാര്‍ഡുകള്‍
ദോഹ: വന്‍തുക സമ്മാനം ലഭിച്ചതായി എസ്.എം.എസ് വഴി തെറ്റിദ്ധരിപ്പിച്ച് ഇരകളില്‍ നിന്ന് ഒരു കോടി റിയാലോളം തട്ടിയെടുത്ത 31 അംഗ സംഘത്തെ ഖത്തര്‍ ആഭ്യന്ത്ര മന്ത്രാലയത്തിന് കീഴിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തട്ടിയെടുത്ത പണം ഇവര്‍ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് കൈമാറുകയാണു ചെയ്തത്.
രണ്ട് വര്‍ഷമായി തുടരുന്ന തട്ടിപ്പിന് ഉപയോഗിച്ച 4000ഓളം സിം കാര്‍ഡുകള്‍ പ്രതികളില്‍ നിന്ന് പിടികൂടി. ഈ കാലയളവില്‍ 960 സാമ്പത്തിക തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് എകണോമിക് ആന്റ് ഇലക്ട്രോണിക് ക്രൈംസ് ഡിപാര്‍ട്ട്‌മെന്റ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.രണ്ട് ഘട്ടമായാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ബാങ്കുകള്‍ പോലുള്ള പ്രമുഖ കമ്പനികളില്‍ നിന്നെന്ന വ്യാജേന എസ്എംഎസ് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ബാങ്ക് കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായോ അല്ലെങ്കില്‍ വന്‍തുക സമ്മാനമായി ലഭിച്ചതായോ അറിയിക്കുന്നു. ശേഷം, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാര്‍ഡ് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഓണ്‍ലൈന്‍ ബാങ്കിങ് പാസ്‌വേര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഉപയോഗിച്ച് പണം വിദേശത്തുള്ള തങ്ങളുടെ അക്കൗണ്ടുകളിലേക്കു മാറ്റുകയാണ് ചെയ്യുന്നത്.
സമ്മാനം ലഭിച്ചതായി പറയുന്ന മെസേജുകളില്‍ ഒരു നിശ്ചിത നമ്പറിലേക്ക് തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെടും. കോള്‍ കട്ട് ചെയ്യുമ്പോള്‍ ഒരു സീക്രട്ട് കോഡ് മൊബൈലില്‍ വരുമെന്നും അതു കൈമാറുന്നതോട് കൂടി സമ്മാനത്തുക അക്കൗണ്ടില്‍ വരുമെന്നും വിശ്വസിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ പണം കൈമാറ്റം ചെയ്യുമ്പോള്‍ ബാങ്കില്‍ നിന്ന് അയക്കുന്ന ഒടിപി കോഡാണ് തട്ടിപ്പ് സംഘം ഈ രീതിയിലുടെ കരസ്ഥമാക്കുന്നത്. ഇതോടെ ഇരയുടെ അക്കൗണ്ടിലെ തുക മുഴുവന്‍ കാലിയാവും.
സന്ദേശങ്ങള്‍ അയച്ച സിംകാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ദീര്‍ഘനാളായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ആറ് മണിക്കൂര്‍ നീണ്ട ഓപറേഷനിലൂടെയാണ് 31 അംഗ സംഘത്തെ തിരിച്ചറിഞ്ഞത്. ഇവരുടെ പങ്കാളികളില്‍ ചിലര്‍ വിദേശത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."