ബസുകളുടെ ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളില്‍ പരിശോധന
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഏജന്‍സികള്‍ക്ക് നോട്ടിസ്
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസ് സര്വിസുകള്ക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. ഇത്തരം ബസുകളിലേക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ഏജന്‍സികളിലാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഏജന്‍സികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്കി. ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്നാണ് നോട്ടിസില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി 23 ബസുകള്‍ക്കെതിരേ ഇതുവരെ നടപടി എടുത്തതായി ഗതാഗത കമ്മിഷണര്‍ അറിയിച്ചു. പെര്‍മിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കല്ലട ട്രാവല്‍സിന്റെ മൂന്ന് വാഹനങ്ങളും ഉള്‍പ്പെടും. അമിത നിരക്ക് ഈടാക്കല്‍, സാധനങ്ങള്‍ കടത്തല്‍ എന്നിവക്കാണ് പിഴ ഈടാക്കിയത്.
കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് അനധികൃത സര്‍വിസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരേ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചെക് പോസ്റ്റുകളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. ഒരാഴ്ചക്കകം ജി.പി.എസ് ഘടിപ്പിക്കാനും ബസുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."