ക്യാംപ് വിടുന്നവര്‍ക്കുള്ള കിറ്റുകള്‍ വില്ലേജ് ഓഫിസുകളില്‍ നിന്ന്
ആലപ്പുഴ: ഈ മാസം 30ന് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുട്ടനാട് താലൂക്കിലുള്ളവര്‍ക്കുള്ള കിറ്റുകള്‍ അടുത്ത ദിവസം മുതല്‍ അതത് വില്ലേജ് ഓഫിസുകളില്‍ നിന്ന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകും കലക്ടര്‍ എസ്.സുഹാസും അറിയിച്ചു.
കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലേയും കെടുതി മൂലം ക്യാമ്പില്‍ താമസിച്ചവര്‍ക്കും വീടുകളില്‍ താമസിച്ചവര്‍ക്കും കിറ്റിന് അര്‍ഹതയുണ്ടാകും.
സമ്പൂര്‍ണ പ്രളയബാധിത താലൂക്കെന്ന നിലയില്‍ എല്ലാവര്‍ക്കും കിറ്റിന് അര്‍ഹതയുണ്ട്. മറ്റു താലൂക്കുകളില്‍ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും കിറ്റ് കിട്ടുമെന്നും അവര്‍ പറഞ്ഞു.
ഈമാസം 30മുതല്‍ കുട്ടികളെയും പ്രായമായവരേയും ആദ്യം വീടുകളിലേക്കു മാറ്റിത്തുടങ്ങും. ഈസമയം കിറ്റ് വിതരണത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് വില്ലേജ് ഓഫീസുകള്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
കിറ്റ് കിട്ടാന്‍ വേണ്ടി ആരും കാത്തുനില്‍ക്കണമെന്നില്ല. വെള്ളക്കെട്ട് മൂലം മടങ്ങിപ്പോകാന്‍ കഴിയാത്തവരെ ഏകോപിപ്പിച്ച് ഒന്നോ രണ്ടോ ക്യാംപുകളില്‍ താമസിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി കല്യാണമണ്ഡപം, പാരിഷ് ഹാള്‍ മുതലായവ ഇതിനായി എടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."