കുട്ടനാടിന്റെ മഹാശുചീകരണം 28 മുതല്‍
ആലപ്പുഴ: കുട്ടനാടിന്റെ മഹാശുചീകരണത്തിന് തയ്യാറെടുത്ത് ജില്ല. സുരക്ഷിത ക്യാംപുകളിലേക്ക് മാറിയ കുട്ടനാട്ടുകാര്‍ക്ക് തിരികെ വീട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി 28, 29 തീയതികളില്‍ നടക്കുന്ന ശുചീകരണയജ്ഞത്തിന് എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാകുന്നു.
ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോര്‍ത്തുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍, ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്ക്, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ തുടങ്ങിയവര്‍ ഇന്നലെ ഇതിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി ഭരണകേന്ദ്രത്തില്‍ തന്നെ ഉണ്ടായിരുന്നു. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളില്‍ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അതിനുള്ള കര്‍മപദ്ധതി പൂര്‍ത്തിയായിട്ടുണ്ട്.
ശുചീകരണ പ്രക്രിയയുടെ ഘട്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന് ധനമന്ത്രി തോമസ്‌ഐസക്, പൊതുമരാമത്തുമന്ത്രി പി തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. 30ന് തിരിച്ച് വീടുകളിലേക്ക് പോകാവുന്നവരെ തിരിച്ചയയ്ക്കും. അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം. എ.സി. റോഡിലെ വെള്ളം വറ്റിക്കുന്ന നടപടികള്‍ അടിയന്തരമായി നടക്കുകയാണ്.
30 ശക്തിയേറിയ പമ്പുകള്‍ കൂടി മഹാരാഷ്ട്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തിക്കുന്നുണ്ട്. പമ്പിങ് സബ്‌സിഡി നല്‍കുന്നതിനുള്ള തുക ഒരുമാസം മുമ്പുതന്നെ അനുവദിച്ചിട്ടുള്ളതാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അത് നല്‍കാനുള്ള തടസ്സങ്ങള്‍ എന്താണെന്ന് അന്വേഷിച്ച് നീക്കും. മടവീണ ബണ്ടുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കും. കുട്ടനാടിന്റെ ശുചീകരണത്തിന് 60000 പേരെയാണ് ലക്ഷ്യമിടുന്നത്. ഓരോ വീട്ടില്‍നിന്ന് ഒരു അംഗമാകുമ്പോള്‍ തന്നെ 50000 പേര്‍ വരും. കൂടാതെ അയ്യായിരം പേരെ ജില്ലയ്ക്ക് അകത്തുനിന്നും അയ്യായിരം പേരെ ജില്ലയുടെ പുറത്തുനിന്നും സന്നദ്ധ സേവനത്തിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ പഞ്ചായത്തില്‍ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്ന് റോഡ് മാര്‍ഗ്ഗം അല്ലെങ്കില്‍ ബോട്ട് മാര്‍ഗം അവരവരുടെ വീടുകളില്‍ എത്തിക്കുക എന്നതാണ് പദ്ധതി. ഇതിന്റെ കാര്യങ്ങള്‍ ആലോചിക്കുന്നതിന് പ്രളയ ഗ്രാമസഭ ഇന്ന് നടക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും.
സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നവര്‍ക്കും ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം വരുത്തും. കുട്ടനാട്ടില്‍ ഒരു റേഷന്‍ കട മാത്രമാണ് മുങ്ങാതെ അവശേഷിക്കുന്നതെന്ന് മന്ത്രി പി തിലോത്തമന്‍ യോഗത്തില്‍ പറഞ്ഞു.ബോട്ടിലോ വള്ളത്തിലോ റേഷന്‍ വിതരണം നടത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത് . കൂടാതെ താല്‍ക്കാലിക സംവിധാനം മറ്റ് കെട്ടിടത്തില്‍ ഒരുക്കി റേഷന്‍ വിതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."