കരകയറാന്‍ കൈയയച്ച് കാസര്‍കോട്
പ്രളയജലത്തില്‍ മുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളെ കൈപിടിച്ച് ഉയര്‍ത്താന്‍ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനമാണ് കാസര്‍കോട് ജില്ല നടത്തുന്നത്. പ്രളയജലം നിയന്ത്രണാതീതമായപ്പോള്‍ കാഞ്ഞങ്ങാട്ടെ മത്സ്യത്തൊഴിലാളികളെ മേഖലകളില്‍ വിന്യസിച്ച് അസാമാന്യ പ്രവര്‍ത്തനത്തിനാണ് കാസര്‍കോട് ചുക്കാന്‍ പിടിച്ചത്.
ദുരിതാശ്വാസ മേഖലകളിലേക്ക് എത്തിക്കാന്‍ ഭക്ഷണവും വസ്ത്രവും ശേഖരിക്കാന്‍ മൂന്നു ക്യാംപുകള്‍ 24 മണിക്കൂറും തുറന്നുവച്ച് കലക്ടറും സംഘവും രാപ്പകലില്ലാതെ കഷ്ടപ്പെട്ടപ്പോള്‍ കാസര്‍കോട് കണ്ടത് സമാനതകളില്ലാത്ത കാരുണ്യ പെയ്ത്ത്.
ബലിപെരുന്നാള്‍ ദിനത്തില്‍ ജില്ലയിലെ മസ്ജിദുകളില്‍നിന്നു ദുരിതബാധിതരെ സഹായിക്കാന്‍ സമസ്ത പണപിരിവ് നടത്തിയപ്പോള്‍ രണ്ടു വെള്ളിയാഴ്ചകളില്‍ എസ്.കെ.എസ്.എസ്.എഫ് പിരിവ് നടത്തി ദുരിതബാധിതര്‍ക്ക് എത്തിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും വ്യക്തികളും ഒരൊറ്റ മനസോടെ കൈകോര്‍ത്തപ്പോള്‍ സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ദുരിതാശ്വാസ സഹായം ശേഖരിച്ച ജില്ലയായി കാസര്‍കോട് മാറി.
ഒരു കോടിയുടെ സ്വത്ത് കൈമാറി ഉദുമയിലെ ബിസിനസുകാരനായ പി.എ രവീന്ദ്രനും കുടുംബവും മികച്ച മാതൃകയാപ്പോള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഷാന്‍ഫര്‍ തനിക്കു ലഭിച്ച സര്‍ക്കാര്‍ സഹായമപ്പാടെ ദുരിതബാധിതര്‍ക്കുനല്‍കി വേറിട്ട മാതൃകയായി.
ദുരിതബാധിത മേഖലകള്‍ ശുചീകരിക്കാന്‍ യുവാക്കളെ അയച്ച് യുവജന സംഘടനകളും രംഗത്തിറങ്ങി. ദുരിതബാധിതരുടെ സങ്കടമകറ്റാന്‍ സൈക്കിള്‍ വാങ്ങാനും കുഞ്ഞുടുപ്പു വാങ്ങാനുമൊക്കെയായി നിരവധി കുഞ്ഞുനാണയകുടുക്കകളാണ് ഉടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."