ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും
ചേര്‍ത്തല: ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു.
മന്ത്രിയും ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ആശുപത്രിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം മാനേജിങ് കമ്മിറ്റി വിളിച്ചുചേര്‍ത്തത്. ചികിത്സ തേടിയെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അനാവശ്യമായി അയക്കുന്ന ഡോക്ടര്‍മാരുടെ സമീപനം എല്ലാവരും യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ ആക്ഷേപം വ്യാപകമാണെന്നും മെഡിക്കല്‍ കോളേജ് അധികാരികള്‍ക്കും ഇതാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് ഒരു ഡോക്ടര്‍ മാത്രമുള്ളതും ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേരെ നിയോഗിക്കണമെന്ന് മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഇതര സ്റ്റാഫിന്റെയും കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നു. ഒഴിവ് നികത്തുന്നതിന് ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഡോക്ടര്‍മാര്‍ ചുമതല അര്‍പ്പണ മനോഭാവത്തോടെ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ദൈനംദിന കാര്യങ്ങളില്‍ നഗരസഭ കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് നിസാരമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ അപ്പോള്‍തന്നെ പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചേര്‍ത്തല ആശുപത്രിയുടെ കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്.
ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ആദ്യത്തെ പരിഗണന ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ കാര്യത്തില്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായും തിലോത്തമന്‍ അറിയിച്ചു.
ആശുപത്രിയില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം സൂപ്രണ്ട് ഡോ. ഷബ്‌ന മന്ത്രിക്ക് കൈമാറി. മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷനായി. എന്‍ ആര്‍ ബാബുരാജ്, സി വി തോമസ്, കെ ഉമയാക്ഷന്‍, ശ്രീലേഖനായര്‍, വി ടി ജോസഫ്, പി ആര്‍ പ്രകാശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."