പ്രളയത്തില്‍ മുങ്ങിയത് കര്‍ഷക പ്രതീക്ഷകള്‍; മൂക്കറ്റം കടം
തലശ്ശേരി: ഉരുള്‍പൊട്ടലിലും പ്രളയത്തിലും സര്‍വതും നഷ്ടപ്പെട്ടവരില്‍ കൂടുതല്‍ കര്‍ഷകര്‍. വീടും സ്വത്തും നഷ്ടപ്പെട്ടുവെന്നതുമാത്രമല്ല ഇവരുടെ കാര്‍ഷിക വിളകളും പൂര്‍ണമായും നശിച്ചു. ഇതോടെ കടക്കെണിയിലായിരിക്കുകയാണ് മലയോര മേഖലയിലെ കര്‍ഷകര്‍.
കനത്തമഴ കൂടുതല്‍മുക്കിയത് കുരുമുളക്,വാഴകര്‍ഷകരെയാണ്. ഇപ്പോള്‍ രോഗബാധയെ തുടര്‍ന്ന് കുരുമുളക് ചെടിയില്‍ നിന്നും ഇലയും കുരുമുളകും പൊഴിയുകയാണ്. വ്യാപകമായുള്ള ഇലപൊഴിച്ചല്‍ കര്‍ഷകരുടെ വിളവെടുപ്പ് പ്രതീക്ഷകളെ ഇല്ലാതാക്കി്. മഴ നന്നായി ലഭിച്ചതിനാല്‍ ഇക്കുറി കുരുമുളക് കൂടുതല്‍ വള്ളികളില്‍ പിടിച്ചിരുന്നു. എന്നാല്‍ പതിവിനു വിരുദ്ധമായി പ്രളയം സൃഷ്ടിച്ച മഴ നിര്‍ത്താതെ പൊയ്തതോടെ കുരുമുളകുകള്‍ വ്യാപകമായി നശിച്ചു.
മലയോര മേഖലയായ ഇരിട്ടി, പേരാവൂര്‍, കണിച്ചാര്‍, കൊട്ടിയൂര്‍,രയരോം, പുളിയിലം കുണ്ട്, പരപ്പ, മൂന്നാംകുന്ന്, തേര്‍ത്തല്ലി തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഇതുകാരണം കുരുമുളകിന് രോഗബാധയേറ്റതായി കര്‍ഷകര്‍ പറയുന്നു.
കനത്തമഴയിലും കാറ്റിലും വാഴകൃഷിക്കാര്‍ക്കാണ് കനത്ത തിരിച്ചടിയുണ്ടായത്.ചുഴലിക്കാറ്റില്‍ വാഴകൃഷിത്തോട്ടങ്ങള്‍ കൂട്ടത്തോടെ നശിച്ചു.
ഇതോടെ ഓണവിപണിയില്‍ നിന്നും തദ്ദേശിയര്‍ കൃഷിചെയ്ത വാഴക്കുലകള്‍ അപ്രത്യക്ഷമായി. കാറ്റും മഴയും അവശേഷിപ്പിച്ചു പോയ വാഴകളെ രോഗബാധയും കീഴടക്കിയതായി കര്‍ഷകര്‍ പറഞ്ഞു.മിക്ക വാഴകളെയും ഇലക്കേടും കൂമ്പുചീയലും ബാധിച്ചിട്ടുണ്ട്. വാഴയുടെ ഇലകള്‍ പൂര്‍ണമായി നശിക്കുന്നതു കൂടാതെ പുതിയ ഇലകളും ചീയുന്നതായി കര്‍ഷകര്‍ പറയുന്നു. മഴവെള്ളം കുത്തിയൊലിച്ച് വാഴയുടെ ചുവട്ടിലെ മണ്ണൊഴുകി പോയതിനാല്‍ പല കൃഷിയിടത്തിലും കര്‍ഷകര്‍ വാഴകള്‍ കൂട്ടത്തോടെ കെട്ടിനിര്‍ത്താനുള്ള ശ്രമത്തിലാണ്. കനത്ത മഴയെ തുടര്‍ന്ന് വാഴപ്പഴത്തില്‍ കല്ലുകായ്ക്കുന്നതും ദുരിതമായിട്ടുണ്ട്.മറ്റുകൃഷികളുടെ കാര്യവും ഇതിനെക്കാള്‍ ദയനീയമാണ്. ജില്ലയിലെ നെല്‍കൃഷി ഭൂരിഭാഗവും വെള്ളം കയറിനശിച്ചു. തെങ്ങുകളേറെയും ചുഴലിക്കാറ്റ് കടപുഴക്കി. റബര്‍ മരങ്ങളും പൊട്ടിവീണു. കാപ്പി, പച്ചക്കറി എന്നിവയും നശിച്ചു. ഓണവിപണിയെ ലക്ഷ്യമാക്കിയിറക്കിയ പൂകൃഷിയും നശിച്ചു. ഇതോടെ ബാങ്ക് വായ്പയെടുത്തും വട്ടപ്പലിശക്കാരില്‍ നിന്നും കടമെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ പരിപൂര്‍ണമായി വെള്ളത്തിലായി. പ്രളയദുരിതര്‍ക്കായി നാടൊന്നാകെ കൈകോര്‍ക്കുമ്പോഴും കര്‍ഷകരുടെ കാര്യത്തില്‍ ഇനിയും പ്രാരംഭ കണക്കെടുപ്പു മാത്രമേ നടന്നിട്ടുള്ളൂ.കാര്‍ഷിക കടങ്ങള്‍ക്ക് മൊറോട്ടേറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചതാണ് ഏക ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."