മലയോര മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം: അധികൃതര്‍ മൗനത്തില്‍
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കണച്ചിപരുതയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാനകള്‍ വിളകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍, പരാതിനല്‍കിയിട്ടും പരിഹാരമാവാത്തത് കര്‍ഷകരില്‍ ആശങ്കയില്‍. കഴിഞ്ഞ രാത്രികളില്‍ കണച്ചിപരുതമേഖലയില്‍ കാട്ടാനകള്‍ വ്യാപകനാശമാണ് വരുത്തിയത്.
കണച്ചിപ്പരുത ടോമി കാണിയാക്കലിന്റെ ഒരേക്കറോളം വരുന്ന വാഴത്തോട്ടത്തില്‍ ഇറങ്ങി വ്യാപകമായി വിളകള്‍ നശിപ്പിച്ചു. കണച്ചിപരുത ബേബി കുളങ്ങാടന്റെ പറമ്പിലെ തെങ്ങും കവുങ്ങും ചെറുവിളകളും ജോയി മഠത്തിനാല്‍ തോട്ടത്തിലിന്റെ നവാഴകളും നശിപ്പിച്ചു. കണച്ചിപരുതയിലെ രണ്ട് എസ്റ്റേറ്റുകളിലും നാശമുണ്ടാക്കി. രണ്ടാഴ്ച മുമ്പ് കണച്ചിപരുത കോണ്‍വെന്റിന്റെ സ്ഥലത്ത് ആനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. രാത്രി കാലങ്ങളില്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും ആനകളെ തുരത്താന്‍ ഇറങ്ങാറുണ്ടെങ്കിലും ആനകള്‍ പിന്‍തിരിയാറില്ലെന്നും ഇവര്‍ പറയുന്നു. കാട്ടാനകള്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത് പതിവായപ്പോള്‍ എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളും നാട്ടുകാരും വനം വകുപ്പും ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ച് കിടങ്ങ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വാക്കുകളിലൊതുങ്ങി എന്നല്ലാതെ പണികള്‍ എങ്ങും എത്തിയിട്ടുമില്ല. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."