'കൊടുവായൂര്‍ ടൗണില്‍ വാഹന പാര്‍ക്കിങ് ഒഴിവാക്കണം'
കൊടുവായൂര്‍: കൊടുവായൂര്‍ ടൗണില്‍ ദീര്‍ഘനേരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു തടയാന്‍ പൊലിസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തം.
വ്യാപാരസ്ഥാപനങ്ങളിലേക്കു ചരക്കിറക്കുന്ന വാഹനങ്ങളാണ് റോഡില്‍ തടസമുണ്ടാക്കി ഏറെനേരം പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം സര്‍വിസ് ബസുകള്‍ ദീര്‍ഘനേരം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതും പതിവാണ്. പിട്ടുപീടിക, നെന്മാറ, പല്ലാവൂര്‍ എന്നിവിടങ്ങളില്‍നിന്നും ചികിത്സയ്ക്കായി രോഗികളുമായി എത്തുന്ന ആംബുലന്‍സുകളും ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് ദീര്‍ഘനേരം വഴിയില്‍ അകപ്പെടാറുണ്ട്.
തൃശൂര്‍, പൊള്ളാച്ചി അന്തര്‍സംസ്ഥാന പ്രധാനപാതയായതിനാല്‍ ഇടതടവില്ലാതെയുള്ള വാഹനസഞ്ചാരത്തിനു പുറമേ ചരക്കുകടത്തുവാഹനങ്ങളും സ്ഥിരമായി സര്‍വിസ് നടത്തുന്നത് ഇതുവഴിയാണ്.വീതികുറഞ്ഞ റോഡിലെ ഗതാഗത തടസത്തിനു പരിഹാരം കാണുന്നതിനു പൊതുമരാമത്ത് ബൈപാസ് നിര്‍മിക്കുന്നതിനു സ്വകാര്യ ഏജന്‍സിക്കു ടെണ്ടര്‍ നല്‍കി വര്‍ഷം കഴിഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടാകാതെ ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധം ശക്തമാണ്. അഞ്ചുവര്‍ഷം മുമ്പ് പുതുനഗരം സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ സേതുമാധവന്‍ ടൗണില്‍ പതിവായുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാര നടപടിയെടുത്തിരുന്നു. രാവിലെ പത്തുവരെയും വൈകുന്നേരം അഞ്ചിനുശേഷവും കടകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ലെന്ന നിയമം എസ്.ഐ സ്ഥലം മാറിയശേഷം കാര്യക്ഷമമല്ല. പുതുതായി വന്ന എസ്.ഐ പഴയ നടപടി പിന്തുടരാനും ശ്രമിച്ചില്ല. ഗതാഗതം നിയന്ത്രിക്കാന്‍ കുഴല്‍മന്ദം, പാലക്കാട് റോഡില്‍ രണ്ടു ഹോംഗാര്‍ഡിനെ നിയോഗിച്ചിരിക്കുന്നതും ഇപ്പോഴില്ല.
ടൗണിലൂടെ പകല്‍സമയത്തുള്ള കാല്‍നടയാത്രയും അപകട ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."