അയല്‍വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു
മഞ്ചേശ്വരം (കാസര്‍കോട്): അയല്‍വാസികളുമായുള്ള വാക്കുതര്‍ക്കത്തിനിടെ മഞ്ചേശ്വരം മിയാപദവ് ബേരിക്കയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മജീര്‍പ്പള്ള ബേരിക്കയിലെ പരേതനായ രേഖര പുഷ്പാവതി ദമ്പതികളുടെ മകന് അണ്ണു എന്ന കൃപാകര (29 ) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബുധനാഴ്ച്ച രാത്രി അണ്ണു ആയുധവുമായി അയല്‍വാസികളായ മിയാപദവ് കെദുങ്കാട്ടെ ജിതേഷ്, ഉമേശ എന്നിവരുടെ വീട്ടില്‍ അക്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മല്പിടുത്തത്തില് അണ്ണുവിനു കുത്തേറ്റതെന്നാണ് പൊലിസ് പറയുന്നത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതേഷ്, ഉമേശ എന്നിവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പൊലിസ് കാവലില്‍ ചികിത്സയിലാണ്.
ജിതേഷിന്റെ കണ്ണിന് സാരമായ പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട കൃപാകരനും ജിതേഷും നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ കൃപാകരനെ വീട്ടില്‍ കയറ്റരുതെന്നും സ്വഭാവം ശരിയല്ലെന്നും ജിതേഷിന്റെ മാതാവ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് കുറച്ചു കാലം മാറി നിന്ന കൃപാകരന്‍ വീണ്ടും ജിതേഷിന്റെ വീട്ടില്‍ പോയി. ഇതേചൊല്ലി ആദ്യം വാക്ക് തര്‍ക്കമുണ്ടാവുകയും പിന്നീട് കത്രിക പിടിച്ചുവാങ്ങി കൃപാകരനെ കുത്തുകയുമായിരുന്നു. മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപ, ശില്‍പ്പ എന്നിവര്‍ കൃപാകരന്റെ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."