കണ്ടെത്തുവയല്‍ ഇരട്ട കൊലപാതകം: അന്വേഷണം എങ്ങുമെത്തിയില്ല
മാനന്തവാടി: നാടിനെ ഞെട്ടിച്ചുകൊണ്ട് കണ്ടെത്തുവയലില്‍ നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം 50 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല.
മാനന്തവാടി ഡിവൈ.എസ്.പി എം.കെ ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ പ്രത്യക അന്വേഷണ സംഘം രാവും പകലും വ്യത്യാസമില്ലാതെ അന്വേഷണം നടത്തിയിട്ടും കൊലപാതക കാരണത്തില്‍ പോലും കൃത്യതയിലെത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല. ഒരുമാസം മുമ്പ് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സ്ഥലം എം.എല്‍.എയുടെ ഇടപെടലിലൂടെ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം സാവകാശം നല്‍കുകയായിരുന്നു. എന്നാല്‍ ജില്ലയിലുണ്ടായ പ്രളയത്തിനിടെ കേസ് സംബന്ധിച്ച തുടര്‍ നടപടികളെല്ലാം നിലക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍(26) ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടിരുന്നത്. ഇത് രണ്ടും കണ്ടെത്താന്‍ പൊലിസ് നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെയും വിജയിച്ചിട്ടില്ല. സ്വര്‍ണം കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയുടെ സഹായം പൊലിസ് തേടിയിരുന്നു. ഇരുമ്പുവടി, ഖനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് അടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് പ്രകാരം ഇത് കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
വീടിനോട് അനുബന്ധിച്ചുള്ള കുളിമുറിയില്‍ നിന്നും മറ്റും ലഭിച്ച കാല്‍പാദത്തിന്റെ അടയാളങ്ങള്‍ വെച്ച് വിശദമായ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ജീവിത പശ്ചാത്തലവും കുടുംബ സാമൂഹ്യ പശ്ചാത്തലവും വെച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് മോഷണമല്ലാതെ മറ്റൊരു കാരണവും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഫാത്തിമയുടെ ശരീരത്തില്‍ അവശേഷിച്ച സ്വര്‍ണങ്ങളും വീട്ടിലുണ്ടായിരുന്ന പണവും നഷ്ടപ്പെടാഞ്ഞത് അന്വേഷണ സംഘത്തെ കുഴക്കി.
വീടുമായി ഒരിക്കലെങ്കിലും പരിചയപ്പെട്ടവരോ പ്രദേശത്തെ ആരുടെയെങ്കിലും സഹായത്തോടെയോ നടത്തിയ കൃത്യമാവാമെന്നായിരുന്നു പിന്നീട് പൊലിസ് നിരീക്ഷിച്ചത്. ഇതുപ്രകാരം ഇതിനോടകം നിരവധി സമാന കേസുകളിലുള്‍പ്പെട്ടവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവുകള്‍ ഒന്നുംതന്നെ അവശേഷിക്കാതെ നടത്തിയ കൃത്യമായതിനാല്‍ ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തേക്കാല്‍ കൂടുതലായി പ്രൊഫഷണല്‍ കില്ലേര്‍സിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് പോയത്. ജില്ലയില്‍ പ്രളയം വന്നതോടെ കൊലപാതക വിഷയം ചര്‍ച്ചകളില്‍ നിന്നും മാഞ്ഞു പോയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."