അതിര്‍ത്തികളിലൂടെ പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം; എല്ലാ റോഡുകളിലൂടെയും പ്രവേശനം
കല്‍പ്പറ്റ: ജില്ലാ അതിര്‍ത്തികളിലൂടെ സംസ്ഥാനത്തേക്കുള്ള പ്രവേശന വിലക്കുകള്‍ പൂര്‍ണമായും നീക്കി. മുത്തങ്ങ, കുട്ട, ബാവലി വഴിയുള്ള യാത്രാവിലക്കുകളാണ് നീക്കിയത്. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ജില്ലയിലേക്ക് പ്രവേശിക്കാവുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികള്‍ക്ക് പ്രവേശനമനുവദിക്കുമെന്നാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഉത്തരവിലുള്ളത്.
യാത്രക്കാര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നു മാത്രം പൊലിസ് പരിശോധിക്കണം. ജില്ലയിലേക്കു പ്രവേശിക്കുന്നവര്‍ നിരീക്ഷണത്തില്‍ പോകേണ്ടവരാണെങ്കില്‍ അത്തരക്കാരെ അതത് ഗ്രാമപഞ്ചായത്ത്, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ബന്ധപ്പെട്ട് ക്വാറന്റൈന്‍ ഉറപ്പുവരുത്തണം.
മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കുവാഹനങ്ങള്‍ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്നും ഉത്തരവിലുണ്ട്. ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ആവശ്യമെങ്കില്‍ ആംബുലന്‍സ് ഓണ്‍ കോളില്‍ സൂല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രയില്‍ നിന്ന് അനുവദിക്കും. മാനന്തവാടി താലൂക്കിലെ ബാവലി, കുട്ട എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് സജ്ജമാകണം. ഇതിനായി ജില്ലാ നിര്‍മിതി കേന്ദ്രം ആവശ്യമായ കെട്ടിടം പണിതു നല്‍കണം. കുട്ട, ബാവലി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ടെസ്റ്റിങ് സ്ഥലത്ത് ആവശ്യമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കണം.
ഇത്തരത്തില്‍ കടന്നുവരുന്ന യാത്രക്കാരില്‍ രോഗലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിക്കണം. നീലഗിരി ജില്ലയില്‍ നിന്ന് ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫെസിലേറ്റേഷന്‍ സെന്ററിലേക്ക് അയയ്ക്കണമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."