ശ്രീലങ്കയിലെ അക്രമ സംഭവങ്ങള്‍ അപലപനീയം: സമസ്ത
മലപ്പുറം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ക്രൂരവും അപലപനീയവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഗീയതയും ഭീകരതയും ഇസ്‌ലാമിന്റെ മാര്‍ഗമല്ല. ആക്രമണങ്ങള്‍ ലോകത്ത് വിനാശമാണ് വിതയ്ക്കുന്നത്. മാനുഷിക മൂല്യങ്ങളെ വിലമതിക്കുന്നതാണ് മതപ്രമാണങ്ങള്‍. സഹിഷ്ണുതയും ശാന്തിയും ലോകത്തിനു കൈമാറിയ ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തെയും തെറ്റിദ്ധരിപ്പിക്കാനും മതവിരുദ്ധ ചെയ്തികളിലൂടെ അതിന്റെ അന്തസത്തയെ തെറ്റായി ചിത്രീകരിക്കാനുമുള്ള നീക്കം ഉണ്ടാകാന്‍ പാടില്ല.
ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ഗീയ വിദ്വേഷവും ആളിക്കത്തിച്ചും ഇരുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണം. ന്യൂസിലന്‍ഡിലെ മസ്ജിദില്‍ പ്രാര്‍ഥനാ സമയത്തു നടന്ന അക്രമത്തെ അവിടുത്തെ ഭരണകൂടം പക്വമായി നേരിട്ട പോലെ ശ്രീലങ്കയും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഭീകരവാദികളെ ഒറ്റപ്പെടുത്തണമെന്നും സമസ്ത നേതാക്കള്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."