കെവിന് വധക്കേസ്: വിചാരണ തുടരുന്നു
കോട്ടയം: കെവിന് വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടരുന്നു. രണ്ടാം ദിനത്തില്‍ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരമാണ് നടന്നത്. ജൂണ്‍ ആറു വരെ തുടര്‍ച്ചയായാണ് കേസില്‍ വിചാരണ നടത്തുക. ബുധനാഴ്ചയാണ് വിചാരണ ആരംഭിച്ചത്. ഒന്നാം പ്രതി ഷാനു ചാക്കോയുടെ അഭിഭാഷകനു ശേഷം അഞ്ചാം പ്രതി ചാക്കോയുടെ അഭിഭാഷകനാണ് ഇന്നലെ അനീഷിനെ വിസ്തരിച്ചത്.
അനീഷിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിഭാഗത്തിന്റെ വിസ്താരം.
കെവിന്റെ ബന്ധുവും കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടു പോവുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത ആളാണ് അനീഷ്. തട്ടിക്കൊണ്ടു പോകലിന് മുന്‍പ് നീനുവിന്റെ വീട്ടുകാര്‍ അനീഷുമായി ഫോണില്‍ ബന്ധപ്പെട്ടതും നേരില്‍ക്കണ്ടു സംസാരിച്ചതും അടക്കമുള്ള കാര്യങ്ങളാണ് രണ്ടാം ദിനത്തില്‍ വിസ്തരിച്ചത്.
വിസ്താരം ആരംഭിച്ച ബുധനാഴ്ച കേസിലെ ഏഴു പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. രണ്ടാം ദിനത്തിലും ഒരേ വേഷത്തിലാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകളും രേഖകളും നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന് സാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."