കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സഹകരണ വകുപ്പ് ഒരുങ്ങുന്നു
തിരുവനന്തപുരം: മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
രണ്ടാം ഘട്ടം എങ്ങനെ നടപ്പിലാക്കാമെന്നതു സംബന്ധിച്ച് സഹകരണ രജിസ്ട്രാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കും. സംസ്ഥാനത്തെ 2500ലധികം സഹകരണ സംഘങ്ങള്‍ ലാഭവിഹിതത്തില്‍നിന്നു 50,000 മുതല്‍ രണ്ടുലക്ഷം രൂപ വരെ സഹകരണ വകുപ്പിനു സംഭാവന ചെയ്താണ് പദ്ധതി നടപ്പിലാക്കിയത്.ആദ്യ ഘട്ടത്തില്‍ 80 കോടി രൂപ കെയര്‍ ഹോം പദ്ധതിക്കായി ലഭിച്ചു.
2000 വീടുകളാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ 539 വീടുകള്‍ നിര്‍മിച്ച് കൈമാറിക്കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം 16 വീതം, പത്തനംതിട്ട 48, കോട്ടയം 60, എറണാകുളം 65, ആലപ്പുഴ 21, ഇടുക്കി 17, തൃശൂര്‍ 207, പാലക്കാട് 92, മലപ്പുറം 39, കോഴിക്കോട് 14, വയനാട് 23, കണ്ണൂര്‍ 18, കാസര്‍കോട് മൂന്ന് എന്നിങ്ങനെയാണ് കെയര്‍ ഹോം പദ്ധതിയിലൂടെ പണി പൂര്‍ത്തിയായി ഗുണഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞ വീടുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. 162 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി കൈമാറാന്‍ തയാറായിട്ടുണ്ട്. 756 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കെയര്‍ ഹോം പദ്ധതി പ്രകാരമുള്ള ആദ്യ വീടിന് തറക്കല്ലിട്ടത്.
ഈ വര്‍ഷം ഏപ്രില്‍ 30ന് 2000 വീടുകളുടേയും പണി പൂര്‍ത്തിയാക്കി കൈമാറാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഈ തീയതിക്കുള്ളില്‍ 1500 വീടുകളെങ്കിലും കൈമാറാന്‍ കഴിയുമെന്നാണ് സഹകരണ വകുപ്പിന്റെ പ്രതീക്ഷ. രണ്ടാം ഘട്ടത്തിലേക്കായി സഹകരണ സംഘങ്ങളില്‍നിന്നും 33 കോടി രൂപ ഇതിനകംതന്നെ സഹകരണ വകുപ്പിന് ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതും സ്വന്തമായി സ്ഥലം ഉള്ളതുമായ ആളുകള്‍ക്കാണ് സഹകരണ വകുപ്പ് വീട് നിര്‍മിച്ചു നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ ഇത് എങ്ങനെയാകണമെന്ന് ഇനിയേ തീരുമാനമുണ്ടാകൂ.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട, സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കുവേണ്ടി സ്ഥലം കണ്ടെത്തി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാംഘട്ടത്തില്‍ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."