കോണ്‍ഗ്രസ് വിമതനു വേണ്ടി സി.പി.എം കരുനീക്കം; കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു
കൊല്ലം: കോണ്‍ഗ്രസ് വിമതനുവേണ്ടി സി.പി.എമ്മിന്റെ കരുനീക്കം വിജയിച്ചു. സി.പി.എം ഭരിക്കുന്ന കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നു രാജിവെച്ചു.
കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രവീന്ദ്രനാണ് രാജിവച്ചത്. കോണ്‍ഗ്രസില്‍ നിന്നു പിണങ്ങിപിരിഞ്ഞ് സ്വതന്ത്രനായി മത്സരിച്ച ഐവര്‍കാല ദിലീപിനെ പ്രസിഡന്റാക്കാനാണ് നീക്കം. പതിനേഴ് അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും എല്‍.ഡി.എഫിനും ഏഴ് അംഗങ്ങള്‍ വീതവും ബി.ജെ.പിക്ക് ഒന്നും സ്വതന്ത്രഅംഗങ്ങളായി രണ്ടു പേരുമാണുള്ളത്.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദിലീപിന്റെ പിന്തുണ വേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചെങ്കിലും കക്ഷിനിലയില്‍ ഇരുമുന്നണികളും തുല്ല്യമായതിനാല്‍
ദിലീപിന്റെയും സതന്ത്രനായി വിജയിച്ച മറ്റൊരു അംഗത്തിന്റെ പിന്തുണ തെരഞ്ഞെടുപ്പില്‍ സി.പി.എം തേടിയിരുന്നു. ആദ്യം സി.പി.എമ്മിലെ രവീന്ദ്രനെ പ്രസിഡന്റാക്കാനും ആറുമാസങ്ങള്‍ക്ക് ശേഷം ദിലീപിനെ പ്രസിഡന്റ് ആക്കാനുമായിരുന്നു സി.പി.എം തീരുമാനിച്ചിരുന്നത്. ധാരണപ്രകാരം ഭരണത്തിലേറി ആറുമാസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രന്‍ രാജിവെയ്ക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ ദിലീപിനെ പ്രസിഡന്റ് ആക്കുന്നതിനെതിരേ സി.പി.ഐ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഈ തര്‍ക്കം പരിഹരിച്ചത്്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് ആയതിനാല്‍ അവരുടെ തീരുമാനം അംഗീകരിക്കാന്‍ സി.പി.ഐ തീരുമാനിച്ചതോടെ എല്‍.ഡി.എഫില്‍ രവീന്ദ്രന്‍ ഒറ്റപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്നലെ
ഉച്ചയ്ക്ക് രവീന്ദ്രന്‍ പഞ്ചായത്ത് സെക്രട്ടറി സീമക്ക് രാജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."